യുവതിയുടെ ലൈംഗിക ആരോപണം: ഡിവൈഎസ്പി ബെന്നി പരാതി നൽകി
Saturday, September 7, 2024 8:01 AM IST
മലപ്പുറം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥർ നിയമ നടപടിക്ക്. താനൂർ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നൽകി.
ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ടാണ് പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ലൈംഗികാരോപണത്തിനു പിന്നിലെന്നും ബെന്നി പറഞ്ഞു.
മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ പൊന്നാനി സിഐ വിനോദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് 2022ൽ എസ്പിക്ക് ആദ്യം പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയിൽ കഴമ്പില്ലെന്ന് രണ്ട് തലത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായതാണ്.
ഇവരുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് തനിക്ക് നിര്‍ദേശം നല്കി. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളിയതാണെന്നും ബെന്നി പ്രതികരിച്ചു.