വനപാലകർ മരം മുറിച്ച് കടത്തിയ സംഭവം; മന്ത്രി റിപ്പോർട്ട് തേടി
Saturday, September 7, 2024 6:10 PM IST
കൽപ്പറ്റ: തലപ്പുഴ റിസര്‍വ് വനത്തില്‍ നിന്നും മരം മുറിച്ച് കടത്തിയ സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോര്‍ട്ട് തേടി. വനംവകുപ്പ് വിജിലന്‍സ് സിസിഎഫിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
റിസര്‍വ് വനത്തില്‍ നിന്നും വനപാലകർ അനുമതിയില്ലാതെ 73 മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും തേടിയിട്ടില്ല.
30 സെന്റീമീറ്ററിലധികം വലുപ്പമുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെങ്കില്‍ ഡിഎഫ്ഒയുടെ അനമുതി വേണം. അഞ്ച് മരങ്ങളിലധികം മുറിക്കണമെങ്കില്‍ സിസിഎഫിന്റെ അനുമതി വേണമെന്നുമാണ് നിയമം. എന്നാൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് തലപ്പുഴയിൽ നിന്ന് മരം മുറിച്ചത്.
കഴിഞ്ഞ 29നാണ് നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചിൽ ഉള്‍പ്പെട്ട 43, 44 ഡിവിഷനിൽ നിന്നും മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്.