ആലപ്പുഴ: മണ്ണെടുപ്പിനെ ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുന്ന മറ്റപ്പള്ളിയില്‍ റോഡുകള്‍ ഉപരോധിച്ച് നാട്ടുകാർ. കായംകുളം-പുനലൂര്‍ റോഡ് ആശാന്‍ കലുങ്ക് ജംഗ്ഷനിലും പന്തളം നൂറനാട് റോഡില്‍ മാവിള ജംഗ്ഷനിലുമാണ് 100 കണക്കിനാളുകള്‍ പ്രതിഷേധിക്കുന്നത്.

സ്ത്രീകളടക്കമുള്ളവര്‍ പോലീസ് ബാരിക്കേഡിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഇവിടെ വന്‍ പോലീസ് സന്നാഹമാണുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെനിന്നും മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും പിന്നാലെ കുന്നിടിക്കുന്നത് താല്‍ക്കാലികമായി നിറുത്തി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് മണ്ണെടുക്കല്‍ പുനഃരാരംഭിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.

എന്നാൽ മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂ എന്ന് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ സജീവ്കുമാര്‍ പറഞ്ഞു. പ്രതിഷേധമുണ്ടായാല്‍ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.