ന്യൂഡല്‍ഹി: തെലുങ്കാനാ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 119 സീറ്റുകളിലും മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി ലയിക്കുന്നില്ലെന്നും വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി നേതാവും വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ് ശര്‍മിള.

കഴിഞ്ഞ നാലു മാസത്തിനിടെ കോണ്‍ഗ്രസില്‍ ലയിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇത് അസാധ്യമായതോടെയാണ് തനിച്ച് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചതെന്നും ശര്‍മിള പറഞ്ഞു. പലയര്‍ ഉള്‍പ്പടെ രണ്ട് മണ്ഡലങ്ങളില്‍ ശർമിള മത്സരിച്ചേക്കും.

സാഹചര്യം ആവശ്യപ്പെട്ടാല്‍ അമ്മ വൈ.എസ് വിജയലക്ഷ്മിയും ശര്‍മിളയുടെ ഭര്‍ത്താവ് അനില്‍ കുമാറും മത്സരത്തിനിറങ്ങിയേക്കുമെന്നും അവര്‍ വ്യക്തമാക്കി. നവംബര്‍ 30നാണ് തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫലപ്രഖ്യാപനവുമുണ്ടാകും. ശര്‍മിളയുടെ നീക്കം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും.

അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ലഭിച്ച വിജയം ഇക്കുറി തെലുങ്കാനയിലും പ്രതിഫലിച്ചേക്കുമെന്ന് ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. ലയിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി നേരത്തെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയുമായും ശര്‍മിള ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചര്‍ച നടത്തി.

എന്നാല്‍ ചർച ഫലം കാണാതെ വന്നതോടെയാണ് ഒറ്റയ്ക്ക് പോരാടാനുള്ള നീക്കം. ഭരണതുടര്‍ച്ചയ്ക്കായിട്ടുള്ള ശ്രമങ്ങള്‍ ചന്ദ്രശേഖര റാവു ഊര്‍ജ്ജിതമാക്കിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ശര്‍മിള ഒറ്റയ്ക്ക് മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് വോട്ടുകൾ ഭിന്നിക്കുന്ന സാഹചര്യം വന്നാല്‍ അത് ചന്ദ്രശേഖര റാവുവിന് ഗുണകരമായേക്കും.