ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ സതീഷ് ധവാന്‍ സ്‌പേസ് സെന്‍റർ തീരശോഷണ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഈ ഭാഗത്തെ നൂറ് മീറ്ററോളം ബംഗാള്‍ ഉള്‍ക്കടല്‍ എടുത്തു കഴിഞ്ഞെന്നും 30 വര്‍ഷത്തിനിടെയാണ് ഇത്രയും തീരശോഷണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചന്ദ്രയാന്‍ വിക്ഷേപണമുള്‍പ്പടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയിലെ നിര്‍ണായകമായ ദൗത്യങ്ങള്‍ ഇവിടെയാണ് നടത്തിയത്. തീരശോഷണ ഭീഷണി നേരിടുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വെള്ളം കയറാതിരിക്കാനുള്ള ചുവടുവെപ്പുകളും നടക്കുന്നുണ്ട്.

വെളളത്തിന്‍റെ ഒഴുക്ക് തടയാന്‍ "ഗ്രോയിന്‍' ഭിത്തി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് കല്ലു കൊണ്ടുള്ള അഞ്ച് ഗ്രോയിനുകള്‍ നിര്‍മിക്കും. മരം, കോണ്‍ക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് സാധാരണ ഗ്രോ‌യിൻ ഭിത്തികൾ നിർമിക്കുന്നത്.

150 മീറ്റര്‍ നീളത്തിലാകും ഗ്രോയിന്‍ നിര്‍മിക്കുക എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി ആന്ധ്രാപ്രദേശിലെ തീരദേശ പരിപാലന അതോറിറ്റി പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഭിത്തി സ്ഥാപിക്കുന്നതോടെ 25 മീറ്ററോളം കടല്‍തീരം തിരിച്ചുപിടിക്കാന്‍ സാധിച്ചേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഗ്രോയിന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുറഞ്ഞത് അറുപത് വര്‍ഷത്തേക്ക് പ്രദേശത്ത് തീരശോഷണ ഭീഷണി ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും എസ്ഡിഎസ്‌സി ഡയറക്ടര്‍ എ. രാജരാജന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

1969ലാണ് ഈ പ്രദേശത്തെ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിനായി തിരഞ്ഞെടുക്കുന്നത്. 1971ല്‍ വിക്ഷേപണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 2002ലാണ് കേന്ദ്രം സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്‍റർ എന്ന് പുനര്‍നാമകരണം ചെയ്തത്.