റാഫീഞ്ഞ ഡബിളിൽ ബ്രസീൽ
Wednesday, October 16, 2024 11:51 PM IST
ബ്രസീലിയ: ഫിഫ 2026 ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ റാഫീഞ്ഞയുടെ ഇരട്ടഗോൾ ബലത്തിൽ ബ്രസീലിനു ജയം.
ഇടക്കാല പരിശീലകൻ ഡോറിവൽ ജൂണിയറിനു കീഴിൽ ബ്രസീലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ഇതോടെ ലോകകപ്പ് യോഗ്യത സ്വന്തമാക്കാനുള്ള സാധ്യത ബ്രസീൽ വർധിപ്പിച്ചു.
38, 54 മിനിറ്റുകളിൽ പെനാൽറ്റിയിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോളുകൾ. ആന്ദ്രേസ് പെരേരിയ (71’), ലൂയിസ് ഹെൻറിക്ക് (74’) എന്നിവർ ബ്രസീലിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ കൊളംബിയ 4-0നു ചിലിയെ തകർത്തു. ഡാവിൻസണ്‍ സാഞ്ചസ് (34’), ലൂയിസ് ഡിയസ് (52’), ഹോൻ ഡുറാൻ (82’), ലൂയിസ് സിനിസ്റ്റെറ (90+3’) എന്നിവരായിരുന്നു കൊളംബിയയുടെ ഗോൾ നേട്ടക്കാർ. ഉറുഗ്വെയും ഇക്വഡോറും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, പരാഗ്വെ 2-1നു വെനസ്വേലയെ തോൽപ്പിച്ചു.
10 റൗണ്ട് അവസാനിച്ചപ്പോൾ 22 പോയിന്റുമായി അർജന്റീനയാണ് ഒന്നാമത്. കൊളംബിയ (19), ഉറുഗ്വെ (16), ബ്രസീൽ (16), ഇക്വഡോർ (13) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.