ജീൻ കിംഗിനു യുഎസ് സലാം
Sunday, September 29, 2024 12:33 AM IST
ന്യൂയോർക്ക്: വനിതാ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗിന് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ.
വ്യക്തിഗത കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ ലഭിക്കുന്ന ആദ്യ വനിതാ കായികതാരം എന്ന ചരിത്രവും ഇതോടെ ബില്ലി ജീൻ കിംഗ് സ്വന്തമാക്കി. കായിക മേഖലയിലും സമൂഹത്തിലും തുല്യ അവകാശത്തിനുവേണ്ടി ബില്ലി ജീൻ നടത്തിയ സേവനങ്ങളും പോരാട്ടങ്ങളും പരിഗണിച്ചാണ് കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ യുഎസ്എ സമ്മാനിക്കുന്നത്.
എണ്‍പതുകാരിയായ ബില്ലി ജീൻ കിംഗ്, ടെന്നീസ് ഹാൾ ഓഫ് ഫെയിം പുരസ്കാരത്തിനുടമയാണ്. 39 ഗ്രാൻസ് ലാം കിരീടങ്ങളും വർണാഭമായ കരിയറിൽ ബില്ലി ജീൻ സ്വന്തമാക്കി. 12 വനിതാ സിംഗിൾസ്, 16 വനിതാ ഡബിൾസ്, 11 മിക്സഡ് ഡബിൾസ് എന്നിങ്ങനെയാണ് 39 ഗ്രാൻസ്ലാം ട്രോഫി നേട്ടങ്ങൾ.
വനിതാ ടെന്നീസ് അസോസിയേഷൻ, വനിതാ സ്പോർട്സ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ ജന്മമെടുത്തത് ബില്ലി ജീൻ കിംഗിന്റെ രക്ഷാധികാരത്തിനു കീഴിലായിരുന്നു. എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ ബില്ലിക്ക്, 1987ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം നൽകി ആദരിച്ചു.
ബാറ്റിൽ ഓഫ് സെക്സസ്
1973 സെപ്റ്റംബർ 20നു നടന്ന ബാറ്റിൽ ഓഫ് സെക്സസ് പോരാട്ടത്തിൽ വെന്നിക്കൊടി പാറിച്ചയാളാണ് ബില്ലി ജീൻ കിംഗ്. അക്കാലത്ത് വനിതാ സിംഗിൾസ് ലോക ഒന്നാം നന്പറായിരുന്ന ബില്ലി ജീൻ, ബാറ്റിൽ ഓഫ് സെക്സസ് എന്നറിയപ്പെട്ട പോരാട്ടത്തിൽ അമേരിക്കൻ മുൻതാരമായിരുന്ന ബോബി റിഗ്സിനെ കീഴടക്കി.
6-4, 6-3, 6-3നായിരുന്നു ബില്ലി ജീൻ കിംഗിന്റെ ജയം. 1973 മേയിൽ നടന്ന ആദ്യ ബാറ്റിൽ ഓഫ് സെക്സസിൽ മാർഗരറ്റ് കോർട്ടിനെ ബോബി റിഗ്സ് 6-2, 6-1നു കീഴടക്കിയിരുന്നു.
ബില്ലിയും റിഗ്സും തമ്മിലുള്ള പോരാട്ടം നേരിട്ടു കാണാൻ 30,000 കാണികളായിരുന്നു സ്റ്റേഡിയത്തിലെത്തിയത്. ഒന്‍പതു കോടി ആളുകൾ ടെലിവിഷനിലൂടെ മത്സരം തത്സമയം കണ്ടതായാണ് കണക്ക്. വനിതകളുടെ മത്സരങ്ങൾ പുരുഷന്മാരേക്കാൾ താഴെയാണെന്ന വാദമുള്ള ആളായിരുന്നു റിഗ്സ് എന്നതായിരുന്നു അക്കാലത്തെ റിക്കാർഡ് വ്യൂവർഷിപ് ലഭിക്കാൻ കാരണം.
കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ
അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നാണ് കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ. പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡമാണ് മറ്റൊരു പരമോന്നത ബഹുമതി. വോട്ടെടുപ്പിലൂടെ യുഎസ് കോണ്‍ഗ്രസാണ് ഇവ രണ്ടും സമ്മാനിക്കുന്നത്.
അമേരിക്കൻ ചരിത്രത്തിലും സംസ്കാരത്തിലും സ്വാധീനം ചെലുത്തുന്ന നേട്ടങ്ങൾ കൈവരിക്കുകയും, ദീർഘകാലം ആ നേട്ടത്തിന്റെ പ്രതിഫലനം നിലനിർത്തുകയും ചെയ്തവർക്കുള്ള അംഗീകാരമാണ് കോണ്‍ഗ്രഷ്ണൽ ഗോൾഡ് മെഡൽ.
അമേരിക്കൻ വിപ്ലവത്തിൽ പങ്കെടുത്തവർക്കായിരുന്നു ഈ പുരസ്കാരം നൽകിയിരുന്നത്. 20-ാം നൂറ്റാണ്ടുമുതൽ വിവിധ തലങ്ങളിലുള്ളവർക്കും ഈ പുരസ്കാരം സമ്മാനിക്കാൻ തുടങ്ങി.