അനായാസം വൻ ജയം
Monday, September 23, 2024 12:26 AM IST
ചെന്നൈ: സ്വന്തംനാട്ടിൽ രവിചന്ദ്രൻ അശ്വിൻ നടത്തിയ ഓൾറൗണ്ട് മികവിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഇന്ത്യ അനായാസം കൈപ്പിടിയിലൊതുക്കി. നാലാംദിനം ആദ്യ സെഷനിൽത്തന്നെ ബംഗ്ലാദേശിന്റെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി എറിഞ്ഞിട്ട് 280 റണ്‍സിന് ഇന്ത്യൻ ജയം സ്വന്തമാക്കി. നാലിന് 158 എന്ന നിലയിൽ നാലാം ദിവസം കളിയാരംഭിച്ച ബംഗ്ലാദേശിന് 76 റണ്‍സ് കൂടിയേ ചേർക്കാനായുള്ളൂ.
സ്കോർ: ഇന്ത്യ 376, 287/4, ബംഗ്ലാദേശ് 149, 234.
രണ്ടാം ഇന്നിംഗ്സിൽ ആറുവിക്കറ്റ് നേടിയ അശ്വിനാണ് ബംഗ്ലാദേശിനെ തകർത്തത്. ബംഗ്ലാക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയ്ക്കു (127 പന്തിൽ 82) മാത്രമേ ബംഗ്ലാദേശ് നിരയിൽ പൊരുതാനായുള്ളൂ.രണ്ടു ടെസ്റ്റുകളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 27ന് കാൺപൂരിൽ ആരംഭിക്കും.
ഇന്ത്യക്കു ചരിത്ര ജയം
ജയത്തോടെ ഇന്ത്യ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി. 92 വർഷത്തെ ടെസ്റ്റ് ചരിത്രമുള്ള ഇന്ത്യ ടെസ്റ്റിൽ തോൽവിയെക്കാളേറെയാണ് വിജയങ്ങൾ എന്നതാണത്. നിലവിൽ 580 ടെസ്റ്റുകൾ കളിച്ച ഇന്ത്യ, 179 എണ്ണത്തിൽ വിജയം കൈവരിച്ചു. 178 എണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തി ഇതാദ്യമായാണ് ഇന്ത്യക്ക് തോൽവിയേക്കാൾ കൂടുതൽ എണ്ണം ജയിച്ച മത്സരങ്ങൾ ഉണ്ടാവുന്നത്.
സക്കീർ ഹസൻ (33), ഷദ്മാൻ ഇസ്ലാം (35), മൊമിനുൽ ഹഖ് (13), മുഷ്ഫിഖുർ റഹീം (13) എന്നിവർ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. ഇതിൽ മൂന്നും വിക്കറ്റ് അശ്വിനായിരുന്നു. നാലാംദിനം ഷക്കിബ് അൽ ഹസനും ഷാന്‍േറായും ചേർന്ന് നേരിയ പ്രതീക്ഷയുള്ള തുടക്കം നൽകിയെങ്കിലും, അശ്വിനെത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 25 റണ്‍സോടെ ഷക്കിബ് ആദ്യം മടങ്ങി. പിന്നീട് വേഗത്തിൽ വിക്കറ്റ് വീഴ്ച ആരംഭിച്ചു. എട്ടാമനായി ഷാന്റോയെ ജഡേജ പുറത്താക്കി. ലിറ്റണ്‍ ദാസ് (1), മെഹ്ദി ഹസൻ മിറാസ (8), തസ്കിൻ അഹമദ് (5) എന്നിവരും മടങ്ങിയതോടെ മത്സരത്തിന്റെ വിധിയെഴുത്ത് പൂർണമായി. 21 ഓവറിൽ 88 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ ആറുവിക്കറ്റ് നേട്ടം. 15.1 ഓവറിൽ 58 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമെടുത്തു.
അശ്വിൻ വോണിനൊപ്പം
ബംഗ്ലാദേശിനെ ബാറ്റുകൊണ്ടു പന്തുകൊണ്ടും തകർത്ത അശ്വിൻ സ്വന്തം കളത്തിൽ പുതിയൊരു ചരിത്രം കുറിച്ചു. ടെസ്റ്റിൽ അശ്വിന്റെ 37-ാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. ഇതോടെ താരം ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനൊപ്പമെത്തി. 67 തവണ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് മുന്നിൽ.
ചെന്നൈ ടെസ്റ്റിനെതിയപ്പോൾ 38 വയസും രണ്ടു ദിവസവുമായിരുന്നു അശ്വിന്റെ പ്രായം. ഇന്ത്യക്കായി അഞ്ചു വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടത്തിന് അർഹനായി. മുന്‍പ് ഈ റിക്കാർഡ് വിനു മങ്കാദിന്റെ (37 വയസും 306 ദിവസവും) പേരിലായിരുന്നു. 1955ൽ പാക്കിസ്ഥാനെതിരേ പെഷവാർ ടെസ്റ്റിലാണ് മങ്കാദിന്റെ പ്രകടനം. ഒരു വേദിയിൽതന്നെ സെഞ്ചുറിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിക്കുന്ന ആദ്യത്തെയാളാണ് അശ്വിൻ. ചെപ്പോക്കിൽവച്ച് ഇംഗ്ലണ്ടിനെതിരേ 2021ലും താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നു.