ഇന്ത്യയെ കുടുക്കി
Sunday, September 22, 2024 12:20 AM IST
ജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന 45-ാമത് ചെസ് ഒളിന്പ്യാഡിൽ ഇന്ത്യയുടെ വിജയപരന്പരയ്ക്ക് ഉസ്ബക്കിസ്ഥാൻ തടയിട്ടു. ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യയെ 2-2നു നിലവിലെ ചാന്പ്യന്മാരായ ഉസ്ബക്കിസ്ഥാൻ സമനിലയിൽ കുടുക്കി.
തുടർച്ചയായ എട്ടു വിജയങ്ങൾക്കുശേഷമായിരുന്നു ഇന്ത്യൻ പുരുഷന്മാരുടെ സമനില. ലോക അഞ്ചാം നന്പർ ഗുകേഷിനെതിരേ ലോക ആറാം നന്പർ നൊദിർബെക്ക് അബ്ദുസത്തോറോവ് കടുത്ത മത്സരം കെട്ടഴിച്ചെങ്കിലും ത്രീ ഫോൾഡ് ആവർത്തനത്തിൽ മത്സരം സമനിലയിൽ കലാശിച്ചു.
വിദിത്തും ജഖോങ്കിർ വഖിദോവും ആദ്യ 10 മിനിറ്റിനുള്ളിൽത്തന്നെ മത്സരം സമനിലയിലാക്കാനുള്ള നീക്കങ്ങൾ നടത്തി. 17 പോയിന്റുമായി ഇന്ത്യൻ പുരുഷന്മാർ ചരിത്രസ്വർണത്തിലേക്കുള്ള കുതിപ്പു തുടരുകയാണ്.
ഇന്ത്യൻ വനിതകൾ അമേരിക്കയ്ക്കെതിരായ ഒന്‍പതാം റൗണ്ടിൽ ഫോമിലല്ലാത്ത ഹരിക ദ്രോണവല്ലിയെ ടോപ്പ് ബോർഡിൽനിന്ന് ഒഴിവാക്കി ആർ. വൈശാലിയെ കളിപ്പിച്ചു. എന്നാൽ, ഗുൽറുഖ്ബെഗിം ടോഖിർജോനോവ, വൈശാലിയെ തോൽപ്പിച്ചു.
അമേരിക്കയുടെ ഗ്രാൻഡ്മാസ്റ്റർ ക്രഷ് ഐറിനയ്ക്കെതിരേ വന്തിക അഗർവാളിന്റെ അട്ടിമറിവിജയം ഇന്ത്യക്കു 2-2 സമനില നേടിക്കൊടുത്തു. ഇതോടെ ഇന്ത്യൻ വനിതകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.