റൊണാൾഡോ V/s മോഡ്രിച്ച്
Thursday, September 5, 2024 12:00 AM IST
ലിസ്ബണ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും.
പോർച്ചുഗൽ തലസ്ഥാനം ലിസ്ബണിലാണ് മത്സരം. യൂറോ കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
പോർച്ചുഗലിനെപ്പോലെ തന്നെ ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോ ഡാലിച്ചും യൂറോ കപ്പിൽ മികവിലെത്താതെ പോയ ലൂക്ക മോഡ്രിച്ചിനെ ഉൾപ്പെടുത്തി. ഗ്രൂപ്പ് എ വണ്ണിലാണ് ഇരുടീമും.
കഴിഞ്ഞ നേഷൻസ് ലീഗ് സീസണ് ഫൈനലിൽ ക്രൊയേഷ്യ സ്പെയിനിനോട് പരാജയപ്പെട്ടു. സീസണിലെ ആദ്യ മത്സരം തന്നെ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നുവെന്ന ആത്മവിശ്വാസം പോർച്ചുഗലിനുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ടും സ്കോട്ലൻഡും ഏറ്റുമുട്ടും.
യൂറോയ്ക്കുശേഷം സ്പെയിൻ
2024ലെ യൂറോ കപ്പ് ചാന്പ്യൻമാരും നിലവിലെ നേഷൻസ് ലീഗ് ജേതാക്കളുമായ സ്പെയിൻ ജയത്തുടർച്ച ലക്ഷ്യമിട്ടാണ് ഇന്ന് ലീഗ് എ ഗ്രൂപ്പ് നാലിൽ സെർബിയയെ നേരിടാൻ ബെൽഗ്രേഡിൽ ഇറങ്ങുന്നത്. യൂറോ കപ്പിൽ ഏഴു കളിയും ജയിച്ച് ലൂയിസ് ഡി ലാ ഫുണ്ടെയുടെ സ്പെയിൻ ഒരു പ്രധാന ടൂർണമെന്റിലെ എല്ലാ മത്സരവും ജയിക്കുന്ന ആദ്യ ടീമെന്ന റിക്കാർഡ് സ്വന്തമാക്കിയിരുന്നു.
യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ നിക്കോ വില്യംസ്, ലാമിൻ യമാൽ, പെദ്രി, ഹൊസേലു എന്നിവർ ടീമിലുണ്ട്. അൽവരോ മൊറാട്ട, ഗോൾകീപ്പർ യുനെസ് സൈമൺ എന്നിവർ പരിക്കിനെത്തുടർന്ന് ടീമിലില്ല.
2022-23 നേഷൻസ് ലീഗ് സീസണിൽ ആറുകളിയിൽ നാലും ജയിച്ച് ഗ്രൂപ്പ് രണ്ടിൽനിന്ന് സ്ഥാനക്കയറ്റം നേടിയാണ് സെർബിയ ലീഗ് എ ഗ്രൂപ്പിലെത്തിയത്. മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക്, സ്വിറ്റ്സർലൻഡിനെ നേരിടും.
അർജന്റീന
ബുവാനോസ് ആരീസ്: ലോകകപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യന്മാരായ അർജന്റീന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാളെ ചിലിയെ നേരിടും.
ദക്ഷിണ അമേരിക്കൻ പോയിന്റ് നിലയിൽ ആറു കളിയിൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്റുള്ള ചിലി എട്ടാമതാണ്. യോഗ്യത പോരാട്ടത്തിൽ ഉറുഗ്വെയോടാണ് അർജന്റീന തോറ്റത്.
2014നുശേഷം ലോകകപ്പ് യോഗ്യത ലക്ഷ്യമിടുന്ന ചിലിക്ക് ഒരു ജയം മാത്രമേയുള്ളൂ. മൂന്നു കളിയിൽ തോറ്റു. രണ്ടെണ്ണം സമനിലയായി.