അലി രക്ഷിച്ചു...
Friday, October 10, 2025 12:40 AM IST
സിംഗപ്പുര്‍: എഎഫ്സി 2027 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ സമനിലയുമായി ഇന്ത്യ തടിതപ്പി. സിംഗപ്പുരിന് എതിരായ എവേ പോരാട്ടത്തില്‍ 90-ാം മിനിറ്റില്‍ റഹീം അലി നേടിയ ഗോളില്‍ ഇന്ത്യ 1-1 സമനില സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഖ്സാന് ഫന്ഡിയായിരുന്നു (45+1’) സിംഗപ്പുരിന്റെ ഗോള്‍ സ്വന്തമാക്കിയത്. സമനിലയോടെ ഗ്രൂപ്പ് സിയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ഇന്ത്യക്കു രണ്ടു പോയിന്റായി. രണ്ടു സമനിലയും ഒരു ജയവുമുള്ള സിംഗപ്പുരിന് അഞ്ച് പോയിന്റാണ്.
രണ്ടാം പകുതിക്കു രണ്ടു മിനിറ്റ് ആയപ്പോള്‍ സെന്റര്‍ ബാക്ക് താരം സന്ദേശ് ജിങ്കന് രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പ് കണ്ട് മൈതാനം വിട്ടു. അതോടെ ഇന്ത്യയുടെ അംഗബലം 10ലേക്കു ചുരുങ്ങി. പകരക്കാരുടെ ബെഞ്ചില്നിന്നെത്തിയാണ് റഹീം അലി തന്റെ കന്നി രാജ്യാന്തര ഗോളിലൂടെ ഇന്ത്യക്കു സമനില സമ്മാനിച്ചത്. സിംഗപ്പുര്‍ പ്രതിരോധത്തിന്റെ വീഴ്ചയിലൂട ലഭിച്ച പന്ത് സ്വന്തമാക്കി ഒറ്റയ്ക്കു മുന്നേറിയായിരുന്നു അലിയുടെ ഗോള്‍.
ഇന്ത്യയുടെ സാധ്യത
ഗ്രൂപ്പ് ചാമ്പ്യന്മാര്ക്കാണ് എഎഫ്സി ഏഷ്യന്‍ കപ്പ് ഫൈനല്‍സിനുള്ള യോഗ്യത ലഭിക്കുക. മൂന്നു മത്സരങ്ങളാണ് ഇന്ത്യക്കിനി ശേഷിക്കുന്നത്. ഈ മൂന്നു പോരാട്ടങ്ങളിലും ജയം നേടുന്നതിനൊപ്പം മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചും മാത്രമേ ഇന്ത്യക്കിനി ഏഷ്യന്‍ കപ്പ് യോഗ്യത സാധ്യമാകൂ. ഇന്ത്യയുടെ അടുത്ത മത്സരം 14ന് സിംഗപ്പുരിന് എതിരേ ഗോവ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ്.