ബാഡ്മിന്റണ്‍: ഇന്ത്യക്കു ചരിത്ര മെഡല്‍
Friday, October 10, 2025 12:40 AM IST
ഗോഹട്ടി: ബാഡ്മിന്റണ്‍ ലോക ജൂണിയര്‍ മിക്സഡ് ടീം ഇനത്തില്‍ ചരിത്രത്തിലെ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ഇന്നലെ കൊറിയയെ തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചതോടെയാണിത്. പിന്നില്നിന്നെത്തിയായിരുന്നു ഇന്ത്യയുടെ ജയം.
സ്കോര്‍: 44-45, 45-30, 45-33. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. സെമിയില്‍ പ്രവേശിച്ചതോടെ ഇന്ത്യന്‍ ടീം വെങ്കലം ഉറപ്പാക്കി.
റിലേ ഫോര്‍മാറ്റില്‍ ആദ്യമായി അരങ്ങേറുന്നു എന്ന പ്രത്യേകതയും 2025 ലോക ജൂണിയര്‍ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പിനുണ്ട്.
ബെസ്റ്റ് ഓഫ് ത്രീ റിലേ ഫോര്‍മാറ്റില്‍ ആദ്യം 45 പോയിന്റില്‍ എത്തുന്ന ടീം ജയിക്കും. പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിങ്ങനെ അഞ്ച് മാച്ചുകളാണ് അരങ്ങേറുക.