മെസിക്കൊപ്പം നെയ്മർ, സുവാരസ് ഇന്ത്യയിലേക്ക്?
Friday, October 10, 2025 12:40 AM IST
കോല്‍ക്കത്ത: അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഡിസംബറിലെ ഇന്ത്യന്‍ സന്ദര്‍ശത്തിനു കൊഴുപ്പേകാന്‍ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളായ ബ്രസീല്‍ താരം നെയ്മറും ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസും എത്തുമെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഡിസംബര്‍ 13 മുതല്‍ 15വരെ ഇന്ത്യയില്‍ എത്തുമെന്ന് ലയണല്‍ മെസി ഈ മാസം രണ്ടിനു സ്ഥിരീകരിച്ചിരുന്നു.
ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025നായാണ് മെസി എത്തുന്നത്. ഡിസംബര്‍ 13 മുതല്‍ 15വരെയായി കോല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളില്‍ മെസി സന്ദര്‍ശനം നടത്തും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതോടെയാണ് മെസിയുടെ ഇന്ത്യന്‍ പര്യടനം അവസാനിക്കുന്നത്.
എംഎസ്എന്‍
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ മുന്നേറ്റം നിയന്ത്രിച്ചിരുന്ന ത്രിമൂര്‍ത്തികളാണ് ലയണല്‍ മെസിയും നെയ്മറും ലൂയിസ് സുവാരസും. എംഎസ്എന്‍ എന്നായിരുന്നു ഈ സംഘം ഫുട്ബോള്‍ ലോകത്തില്‍ അറിയപ്പെട്ടത്. മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ബാഴ്സലോണ റീയൂണിയനാണ് സംഘാടകര്‍ ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഏറ്റവും പുതിയ സൂചന.
എംഎസ്എന്നിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍ എന്നാണ് റിപ്പോര്‍ട്ട്. 2014-17 കാലഘട്ടത്തിലാണ് എംഎസ്എന്‍ ബാഴ്സലോണയില്‍ ഒന്നിച്ചു പന്തുതട്ടിയത്. 2014-15 സീസണില്‍ ലാ ലിഗ, കോപ്പ ഡെല്‍ റേ, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിങ്ങനെ ഹാട്രിക് കിരീടം ബാഴ്സലോണ നേടിയിരുന്നു.
നവംബറില്‍ കേരളത്തില്‍
അതേസമയം, നവംബറില്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാന്‍ എത്തുന്നുണ്ട്. ഇക്കാര്യം അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് സ്ഥിരീകരിച്ചതാണ്. നവംബര്‍ 18നായിരിക്കും അര്‍ജന്റൈന്‍ ടീം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുതട്ടുക എന്നാണ് സൂചന.
മെസിയുടെ അര്‍ജന്റൈന്‍ സംഘം എത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
കൊച്ചിയില്‍ പോലീസ് തലപ്പത്തും ഇതുമായി ബന്ധപ്പെട്ട യോഗം നടന്നു. അര്‍ജന്റൈന്‍ ടീം എത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വന്‍ ജനാവലി എത്തുന്നതു മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്ക യോഗങ്ങളാണ് നടന്നത്.