ഗ്ലോബ്സ്റ്റാർ
Thursday, September 5, 2024 12:00 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: മൂന്നു വിക്കറ്റ് നഷ്ടത്തിൽ 27 റണ്‍സ് എന്ന സ്ഥിതിയിലേക്ക് കൂപ്പു കുത്തിയ കാലിക്കട്ട് ഗ്ലോബ്സ്റ്റാറിനായി സൽമാൻ നിസാറും എം. അജിനാസും ചേർന്നൊരുക്കിയ ബാറ്റിംഗ് പൂരം 197 എന്ന മികച്ച സ്കോറിലേക്ക് അവരെയെത്തിച്ചു.
തുടർന്ന് ക്രീസിലെത്തിയ കൊച്ചി ബ്ലൂടൈഗേഴ്സിനെ 157ൽ നിർത്തി, കേരള പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ കാലിക്കട്ട് 39 റണ്‍സിന്റെ ജയം സ്വന്തമാക്കി. കാലിക്കറ്റിനു വേണ്ടി എം. അജിനാസ് (57), സൽമാൻ നിസാർ (55) എന്നിവർ അർധ സെഞ്ചുറി നേടി. അജിനാസാണ് മാൻ ഓഫ് ദ മാച്ച്.
ഫീൽഡിംഗ് തെരഞ്ഞെടുത്ത തീരുമാനം ശരിയെന്നു തോന്നിപ്പിക്കുന്ന പ്രകടനം കൊച്ചി ക്യാപ്റ്റൻ ബേസിൽ തന്പി ആദ്യ ഓവറിൽ നടത്തി. മൂന്നു പന്തിൽ രണ്ട് ബൗണ്ടറി ഉൾപ്പെടെ എട്ടു റണ്‍സെടുത്ത കാലിക്കട്ടിന്റെ ക്യാപ്റ്റൻ റോഹൻ കുന്നുമ്മലിനെ ജെറിന്റെ കൈകളിൽ എത്തിച്ച് ആദ്യ വിക്കറ്റ് സ്വന്തമാക്കി.
36 പന്തിൽ നിന്നു എം. അജിനാസ് അർധ സെഞ്ചുറി തികച്ചു. 39 പന്തിൽ രണ്ട് സിക്സും എട്ടു ബൗണ്ടറിയും ഉൾപ്പെടെ 57 റണ്‍സുമായി അജിനാസ് ക്രീസ് വിട്ടു. സൽമാൻ നിസാർ 36 പന്തിൽ നിന്ന് ഒരു സിക്സറും നാലു ബൗണ്ടറിയും ഉൾപ്പെടെ അർധസെഞ്ചുറി സ്വന്തമാക്കി.
സൽമാനു കൂട്ടായി അൻഫലെത്തിയതോടെ സ്കോറിംഗ് വേഗത കൂടി. 19 പന്തിൽ 37 റണ്‍സെടുത്ത അൻഫലിനെ 19-ാം ഓവറിലെ ആദ്യ പന്തിൽ ബേസിൽ തന്പി ക്ലീൻ ബൗൾഡാക്കി. 39 പന്തിൽ ഒരു സിക്സും ആറു ബൗണ്ടറിയും ഉൾപ്പെടെ 55 റണ്‍സുമായാണ് സൽമാൻ ക്രീസ് വിട്ടത്. ബേസിൽ തന്പി നാലു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ആദ്യ ഓവറിൽ അനന്ദ് കൃഷ്ണനെ (നാല്) നഷ്ടപ്പെട്ടു. തുടർന്നെത്തിയ ഷോണ്‍ റോജറും ഓപ്പണർ ജോബിൻ ജോബിയും ചേർന്ന് അഞ്ച് ഓവറിൽ 39 റണ്‍സ് എന്ന നിലയിലെത്തിച്ചു.
34 പന്തിൽ നാലു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 45 റണ്‍സ് നേടിയ റോജറിനെ അജിത് വാസുദേവൻ ക്യാച്ചെടുത്തു മടക്കി. 20 ഓവർ പൂർത്തിയായപ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സ് എടുക്കാനേ കൊച്ചിക്കു കഴിഞ്ഞുള്ളൂ.