കേരളാ ക്രിക്കറ്റ് ലീഗിന് വെടിക്കെട്ടടിയോടെ തുടക്കം
Tuesday, September 3, 2024 1:55 AM IST
തോമസ് വർഗീസ്
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 പോരാട്ടത്തിനു വെടിക്കെട്ടടിയോടെ തുടക്കം. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന പോരാട്ടത്തിൽ ക്യാപ്റ്റൻ മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ച്ചവച്ചപ്പോൾ ആലപ്പി റിപ്പിൾസ് തകർപ്പൻ ജയം സ്വന്തമാക്കി.
തൃശൂർ ടൈറ്റൻസിനെ അഞ്ചു വിക്കറ്റിനാണ് ഉദ്ഘാടന പോരാട്ടത്തിൽ ആലപ്പുഴ റിപ്പിൾസ് തകർത്തത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീൻ 47 പന്തിൽ ഒൻപത് സിക്സും മൂന്നു ഫോറും ഉൾപ്പെടെ 92 അടിച്ചുകൂട്ടി ടീമിനെ ജയത്തിലെത്തിച്ചു.
അസ്ഹറുദീനാണ് പ്ലെയർ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് മുന്നോട്ടുവച്ച 162 റണ്‍സ് എന്ന ലക്ഷ്യം 18.3 ഓവറിൽ മറികടന്ന് ആലപ്പുഴ റിപ്പിൾസ് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ വിജയത്തിന് അവകാശികളായി.
ആലപ്പുഴ ആറാട്ട്
ആലപ്പുഴയും തൃശൂരും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് ലഭിച്ച ആലപ്പുഴ ക്യാപ്റ്റൻ ബൗളിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം പൂർണമായും ശരിവയ്ക്കുന്നതാണ് ആദ്യ ഓവറിൽ തന്നെ കാര്യവട്ടത്ത് കണ്ടത്.
ആലപ്പുഴയ്ക്കുവേണ്ടി ആദ്യ ഓവർ എറിഞ്ഞ ഫായിസ് ഫനൂസിന്റെ ആദ്യ പന്തിൽ തന്നെ തൃശൂരിന്റെ ഓപ്പണർ അഭിഷേക് പ്രതാപിന്റെ വിക്കറ്റ് വീണു. അഭിഷേകിനെ ആൽഫി ഫ്രാൻസിസ് ജോണ്‍ പിടിച്ചു പുറത്താക്കിയപ്പോൾ സ്കോർബോർഡ് ശൂന്യം.
സ്കോർ ബോർഡിൽ ആറു റണ്‍സ് എത്തിയപ്പോൾ ക്യാപ്റ്റൻ വരുണ്‍ നായനാരെയും (1്) തൃശൂരിന് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തിൽ കൃഷ്ണപ്രസാദ് ക്യാച്ചെടുത്താണ് വരുണ്‍ നായനാരെ പവലിയനിലേക്ക് അയച്ചത്. സ്കോർ 33 ൽ എത്തിയപ്പോൾ തൃശൂരിന്റെ മൂന്നാം വിക്കറ്റ് കടപുഴകി. 14 പന്തിൽ 22 റണ്‍സ് സ്വന്തമാക്കിയ വിഷ്ണു വിനോദിനെ ആൽഫി ഫ്രാൻസിസ് വിക്കറ്റിനു മുന്നിൽക്കുടുക്കി.
ആദ്യ അഞ്ച് ഓവറിനുള്ളിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി ബാറ്റിംഗ് താളം കണ്ടെത്താൻ പാടുപെട്ട തൃശൂരിനെ ഭേദപ്പെട്ട സ്കോറിലെത്താൻ സാധിച്ചത് അക്ഷയ് മനോഹറിന്റെ പ്രകടനമാണ്. 44 പന്ത് നേരിട്ട അക്ഷയ് അഞ്ചു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 57 റണ്‍സ് സ്വന്തമാക്കി. അഹമ്മദ് ഇമ്രാൻ (23), അർജുൻവേണുഗോപാൽ (20) എന്നിവരുടെ പിന്തുണയോടെ തൃശൂർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സ് നേടി. ആലപ്പി റിപ്പിൽസിനു വേണ്ടി ആനന്ദ് ജോസഫ് മൂന്നും ഫാസിൽ ഫനൂസ് രണ്ടും വിക്കറ്റ് വീതം നേടി
അസ്ഹർ, വിനൂപ്
ആലപ്പുഴയുടെ തുടക്കം ശുഭകരമായിരുന്നില്ല. ആദ്യ ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. സ്കോർബോർഡ് 21ൽ എത്തിയപ്പോൾ അക്ഷയുടെ (3) വിക്കറ്റും നഷ്മായി.
എന്നാൽ, തുടർന്നെത്തിയ വിനൂപ് മനോഹരനുമായി ചേർന്ന് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീൻ മിന്നും ബാറ്റിംഗ് കാഴ്ച്ചവച്ചപ്പോൾ ആലപ്പുഴയുടെ സ്കോർ അതിവേഗം മുന്നേറി. 27 പന്തിൽ രണ്ട് സിക്സും രണ്ടു ഫോറും ഉൾപ്പെടെ 30 റണ്‍സ് എടുത്തശേഷമാണ് വിനൂപ് മടങ്ങിയത്. അസ്ഹറുദീനെ അഭിനവ് പിടിച്ചു പുറത്താക്കി. തുടർന്ന് ടി.കെ അക്ഷയ് (18), നീൽ സണ്ണി (1) എന്നിവർ പുറത്താകാതെ ആലപ്പുഴയെ ജയത്തിലെത്തിച്ചു.