10 വിക്കറ്റ്; മിന്നു മിന്നിച്ചു
Saturday, August 24, 2024 12:01 AM IST
ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ): മലയാളി സൂപ്പർ താരം മിന്നു മണിയുടെ തകർപ്പൻ ബൗളിംഗിനു മുന്നിൽ തകർന്ന് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് എ ടീം.
ഇന്ത്യ എയും ഓസ്ട്രേലിയ എയും തമ്മിലുള്ള ചതുർദിന പോരാട്ടത്തിൽ മിന്നു മണിയുടെ 10 വിക്കറ്റ് പ്രകടനം ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻകൂടിയായ മിന്നു മണി ആദ്യ ഇന്നിംഗ്സിൽ 58 റണ്‍സിനും രണ്ടാം ഇന്നിംഗ്സിൽ 47 റണ്‍സിനും അഞ്ചു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ എ. സ്കോർ: ഓസ്ട്രേലിയ എ 212, 164/7. ഇന്ത്യ എ 184.
ഇന്ത്യക്കായി ഒന്നാം ഇന്നിംഗസിൽ പ്രിയ മിശ്ര നാലു വിക്കറ്റ് നേടിയിരുന്നു. 71 റണ്‍സ് നേടിയ ജോർജിയ വോളാണ് ഓസ്ട്രേലിയ എയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറർ.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ എയ്ക്കുവേണ്ടി ഓപ്പണർ ശ്വേത സെഹ് രാവത് (40), തേജൽ ഹസബ്നിസ് (32), ശുഭ സതീഷ് (22) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഒന്‍പതാം നന്പറായി ക്രീസിലെത്തിയ മിന്നു മണി 37 പന്തിൽ 17 റണ്‍സ് നേടി.