2023 സീസൺ ഐപിഎല്ലിൽനിന്ന് ബിസിസിഐയുടെ ലാഭം 5,000 കോടിയിലധികം
Wednesday, August 21, 2024 12:45 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിലൂടെ ബിസിസിഐ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) സ്വന്തമാക്കിയ ലാഭം കേട്ടാൻ ഞെട്ടും.
പുറത്തു വന്നിരിക്കുന്ന കണക്കുകൾ പ്രകാരം 2022 ഐപിഎല്ലിനേക്കാൾ ലാഭത്തിൽ 116 ശതമാനം വർധനവാണ് 2023ൽ ബിസിസിഐക്കു ലഭിച്ചത്. ഓരോ വർഷവും ലാഭവർധനവ് സാധാരണയായി ബിസിസിഐക്കു ലഭിക്കുന്നതു പതിവാണ്. എന്നാൽ, 2023 സീസണിൽ അത് 100 ശതമാനത്തിൽ അധികം കടന്നു എന്നാണ് റിപ്പോർട്ട്.
വരുമാനം 11,769 കോടി
2023 ഐപിഎല്ലിൽ ബിസിസിഐയുടെ വരുമാനം 11,769 കോടി രൂപയാണ്. സാധാരണക്കാരുടെ തലമരയ്ക്കുന്ന കണക്ക്. മുൻ വർഷങ്ങളിലേക്കാൾ 78 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരുമാനം വർധിച്ചതുപോലെ 2023 സീസണിൽ ചെലവും കൂടിയിട്ടുണ്ട്.
ചെലവ് 66 ശതമാനമായാണ് വർധിച്ചത്. അതായത് 6,648 കോടി രൂപ 2023 ഐപിഎല്ലിന്റെ നടത്തിപ്പിനായി ബിസിസിഐ മുടക്കി. അതായത് ലാഭം 5121 കോടി രൂപ. 2022-23 വാർഷിക സാന്പത്തിക കണക്കിൽ ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഈ വിവരങ്ങൾ.
ബിസിസിഐയുടെ വരുമാനം കുത്തനെ ഉയർത്തിയത് സംപ്രേഷണാവകാശങ്ങളിലൂടെ വന്നുചേർന്ന 48,390 കോടി രൂപയാണ്. 2023-27 കാലഘട്ടത്തിലേക്കുള്ള മീഡിയ റൈറ്റാണ് ഈ തുകയ്ക്കു ബിസിസിഐ വിറ്റത്.
ഡിസ്നി സ്റ്റാറിനാണ് (സ്റ്റാർ സ്പോർട്സ്) ഐപിഎൽ ടിവി സംപ്രേഷണ അവകാശം. 2023-27 കാലഘട്ടത്തിലേക്കായി 23,575 കോടി രൂപയാണ് ഈ അവകാശം സ്വന്തമാക്കാനായി ഡിസ്നി സ്റ്റാർ മുടക്കിയത്.
റിലയൻസിന്റെ കീഴിലുള്ള വയാകോം 18ന്റെ ഭാഗമായ ജിയൊസിനിമയ്ക്കാണ് ഐപിഎൽ ഡിജിറ്റൽ അവകാശം. 23,758 കോടി രൂപ മുടക്കിയാണ് ജിയൊസിനിമ 2023-27 കാലഘട്ടത്തിൽ ഐപിഎൽ ഡിജിറ്റൽ സംപ്രേഷണം നടത്തുക.
ഈ രണ്ട് കരാറുകളാണ് ഐപിഎല്ലിലൂടെ ബിസിസിഐയുടെ വരുമാനം കുത്തനെ വർധിപ്പിച്ചത്. 2023ൽ ടിവി, ഡിജിറ്റൽ സംപ്രേഷണ അവകാശം വിറ്റതിലൂടെ മാത്രം ബിസിസിഐയുടെ വരുമാനം 8,744 കോടി രൂപയാണ്. 2022ൽ അത് 3,780 കോടി രൂപ മാത്രമായിരുന്നു.
ഫ്രാഞ്ചൈസി, സ്പോണ്സർ
ടിവി, ഡിജിറ്റൽ വിതരണാവകാശം വിറ്റതിലൂടെ മാത്രമല്ല ഐപിഎല്ലിൽനിന്ന് ബിസിസിഐക്കു പണമെത്തുന്നത്. ഫ്രാഞ്ചൈസികൾ, സ്പോണ്‍സർഷിപ് എന്നിവ വഴിയും പണം എത്തും. ഈ രണ്ടു കാര്യങ്ങളിലും 2022 സീസണിനേക്കാൾ വരുമാനം വർധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2023 ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾ വഴി ബിസിസിഐക്കു ലഭിച്ചത് 2,117 കോടി രൂപയാണ്. 2022 സീസണിൽ അത് 1,730 കോടി രൂപയായിരുന്നു, വന്നത് 22 ശതമാനത്തിന്റെ വർധനവ്.
2022നെ അപേക്ഷിച്ച് 2023ൽ സ്പോണ്‍സർഷിപ്പിലൂടെ രണ്ടു ശതമാനത്തിന്റെ വരുമാന വർധനവുമുണ്ടായി. 2023ൽ സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ചത് 847 കോടി രൂപയാണ്.
വനിതാ ലീഗും ലാഭം
2023ൽ അരങ്ങേറിയ പ്രഥമ വനിതാ പ്രീമിയർ ലീഗും (ഡബ്ല്യുപിഎൽ) ലാഭത്തിലായിരുന്നു എന്നാണ് ബിസിസിഐ വാർഷിക കണക്കു വ്യക്തമാക്കുന്നത്. 377 കോടി രൂപയാണ് ലാഭമായി മാത്രം ഡബ്ല്യുപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ ബിസിസിഐ അക്കൗണ്ടിൽ എത്തിയത്.
സംപ്രേഷണം, ഫ്രാഞ്ചൈസി ഫീസ്, സ്പോണ്‍സർഷിപ് തുടങ്ങിയ കാര്യങ്ങളിൽനിന്ന് ബോർഡിനു കിട്ടിയത് 636 കോടി രൂപ. ചെലവായത് 259 കോടി രൂപയും. പുരുഷ ട്വന്റി-20 ലീഗിനു മാത്രമല്ല, വനിതാ ലീഗിനും ഇന്ത്യയിൽ വേരോട്ടമുണ്ടെന്ന് അടിവരയിടുന്നതാണ് ഈ ലാഭകണക്ക്.
ബാങ്ക് ബാലൻസ് 16,493 കോടി രൂപ
ലോകത്തിലെ ഏറ്റവും സന്പത്തുള്ള ക്രിക്കറ്റ് ഭരണ കേന്ദ്രമാണ് ബിസിസിഐ. 2023 സാന്പത്തിക വർഷത്തിൽ ബിസിസിഐയുടെ ബാങ്ക് ബാലൻസ് 16,493.2 കോടി രൂപയാണ്. സേവിംഗ്, കറന്റ്, എഫ്ഡി അക്കൗണ്ടുകളിലായുള്ള കണക്കാണിത്. 2022ൽ ഇത് 10,991.29 കോടി രൂപയായിരുന്നു.
ലാഭം കുമിഞ്ഞു കൂടുന്നതനുസരിച്ച് പണം കൈയയച്ചു നൽകാനും ബിസിസിഐക്കു മടിയില്ല. 2023ൽ ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി ബിസിസിഐ ലാഭവിഹിതമായി നൽകിയത് 4,670 കോടി രൂപയാണ്.
2022ൽ ഇത് 2,205 കോടി മാത്രമായിരുന്നു. മാത്രമല്ല, 2024 ഐസിസി ട്വന്റി-20 ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനിക്കുകപോലും ചെയ്തു.