ഫ്ളിക്കിനു വിജയത്തുടക്കം
Monday, August 19, 2024 1:08 AM IST
വലൻസിയ: പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളിൽ ബാഴ്സലോണ, പുതിയ പരിശീലകൻ ഹാൻസി ഫ്ളിക്കിനു കീഴിൽ ലാ ലിഗ ഫുട്ബോൾ 2024-25 സീസണ് വിജയത്തോടെ തുടങ്ങി. എവേ മത്സരത്തിൽ വലൻസിയയോടു പിന്നിൽ നിന്നശേഷമാണ് ബാഴ്സ 2-1ന്റെ ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ബാഴ്സയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ 44-ാം മിനിറ്റിൽ വലൻസിയയെ ക്ലോസ് റേഞ്ചിൽനിന്നുള്ള ഹെഡറിലൂടെ ഹ്യൂഗോ ഡൂറോ മുന്നിലെത്തിച്ചു.
പെട്ടെന്നുതന്നെ തിരിച്ചുവന്ന ബാഴ്സ ആദ്യപകുതിയുടെ ഇടവേളയ്ക്കു പിരിയും മുന്പേ മറുപടിയും നൽകി. ഇഞ്ചുറി ടൈമിൽ ലാമിൻ യമാലിന്റെ ക്രോസിൽനിന്നു ലെവൻഡോവ്സ്കി (45+6’) വലകുലുക്കി. രണ്ടാം പകുതി തുടങ്ങിയതേ പോളിഷ് താരം രണ്ടാം ഗോളും നേടി. ഇത്തവണ റാഫിഞ്ഞയെ പെനാൽറ്റി ബോക്സിനുള്ളിൽവച്ച് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ലെവൻഡോവ്സ്കി വലയിലാക്കുകയായിരുന്നു.
പ്രധാന കളിക്കാരൊന്നുമില്ലാതെയാണു ഫ്ളിക്കിനു ടീമിനെ ഇറക്കേണ്ടിവന്നത്. മൂന്നു 17 വയസുകാരാണ് ആദ്യ പതിനൊന്നിൽ കളിച്ചത്. മാർക് ബെർനൽ, യമാൽ, പൗ കുബാർസി എന്നിവരാണു വലൻസിയയ്ക്കെതിരേ ആദ്യ പതിനൊന്നിൽ ഇടംപിടിച്ച പതിനേഴുകാർ.
ഇൽകി ഗുണ്ടോഗൻ, പെദ്രി, ഗാവി, റൊണാൾഡ് അരൂഹോ, ഫ്രാങ്കി ഡി ജോംഗ്, അൻസു ഫാറ്റി എന്നിവർ പരിക്കിനു പിടിയിലാണ്. ഫിനാൻഷൽ ഫെയർ പ്ലേ (എഫ്എഫ്പി) നിയമങ്ങൾ ബാഴ്സ ലംഘിച്ചതിനാൽ പുതിയതായി കരാറിലായ ഡാനി ഓൾമോയ്ക്ക് ഇതുവരെ ലാ ലിഗയിൽ രജിസ്ട്രേഷൻ നടത്താനുമായിട്ടില്ല.