മിലാൻ ക്ലബ്ബുകൾക്കു സമനില
Monday, August 19, 2024 1:08 AM IST
ജിനൊവ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ മിലാൻ ക്ലബ്ബുകൾക്കു സമനിലത്തുടക്കം. നിലവിലെ ചാന്പ്യന്മാരായ ഇന്റർ മിലാനെ 2-2ന് ജിനോവ സമനിലയിൽ കുരുക്കി.
അലസാൻഡ്രോ വോഗ്ലിയാക്കോ (20’) ജിനോവയെ മുന്നിലെത്തിച്ചു. മാർകസ് തുറാമിന്റെ ഇരട്ടഗോളിൽ (30’, 82’) ഇന്റർ മുന്നിലെത്തി. ജയ പ്രതീക്ഷയിൽനീങ്ങിയ നിലവിലെ ചാന്പ്യന്മാരുടെ വല 90+5-ാം മിനിറ്റിൽ ജൂണിയർ മെസിയാസ് കുലുക്കി ആതിഥേയർക്കു സമനില നല്കി.
പിന്നിൽനിന്ന് മിലാൻ
അൽവാരോ മൊറാട്ടയും നോഹ് ഒകാറഫറും അവസാന മിനിറ്റുകളിൽ നേടിയ ഗോളിൽ എസി മിലാൻ 2-2ന് ടോറിനോയുമായി സമനിലയിൽ പിരിഞ്ഞു. മിലാനൊപ്പം മൊറാട്ടയുടെ ആദ്യ മത്സരമായിരുന്നു. മാലിക് തിയാവിന്റെ ഓണ്ഗോളിൽ ടോറിനോ മുന്നിലെത്തി. 68-ാം മിനിറ്റിൽ ഡുവാൻ സപാറ്റ ലീഡ് ഉയർത്തി.
മുഴുവൻ സമയം തീരാൻ ഒരു മിനിറ്റുള്ളപ്പോഴാണ് മൊറാട്ടയുടെ ഗോൾ. 90+5ാം മിനിറ്റിൽ ഒകാഫർ മിലാനു സമനില നല്കി.