പുരുഷ 100 മീറ്റർ ഫൈനലിൽ നോഹ് ലൈൽസ് വേഗകിരീടം സ്വന്തമാക്കി
Tuesday, August 6, 2024 12:34 AM IST
പാരീസ്: ഇല്ല, ഉസൈൻ ബോൾട്ടിന്റെ അടുത്തെത്താനായില്ല... എന്നാൽ, ചരിത്രത്തിലെ ഏറ്റവും മികച്ച പുരുഷ 100 മീറ്റർ ഫൈനൽ എന്ന റിക്കാർഡ് കുറിച്ച് പാരീസ് ഒളിന്പിക്സിന്റെ വേഗരാജാവിനെ നിശ്ചയിച്ചു.
അതും സെക്കൻഡിന്റെ ആയിരത്തിലംശത്തിന്റെ വ്യത്യാസത്തിൽ. ഫോട്ടോഫിനിഷിലൂടെ 2024 പാരീസ് ഒളിന്പിക്സ് പുരുഷ 100 മീറ്ററിൽ അമേരിക്കയുടെ നോഹ് ലൈൽസ് വേഗകിരീടം സ്വന്തമാക്കി.
0.005 സെക്കൻഡിന്റെ വ്യത്യാസത്തിൽ ലൈൽസ് സ്വർണത്തിൽ മുത്തമിട്ടു. ജമൈക്കയുടെ കിഷൻ തോംസണിനെയാണ് ലൈൽസ് ഫോട്ടോഫിനിഷിലൂടെ പിന്തള്ളിയത്. ഫൈനലിൽ മത്സരിച്ച എട്ടു താരങ്ങളും 10 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്ത ആദ്യ ഒളിന്പിക് ഫൈനലായിരുന്നു.
ഔദ്യോഗിക കണക്കിൽ 9.79 സെക്കൻഡിലാണ് നോഹ് ലൈൽസും കിഷൻ തോംസണും ഫിനിഷിംഗ് ലൈൻ തൊട്ടത്. സ്വർണം ആർക്കെന്നു നിശ്ചയിക്കാനായി ഫോട്ടോഫിനിഷ് ആവശ്യമായതോടെ നോഹ് ലൈൽസ് 9.784 സെക്കൻഡുമായി ജേതാവായി.
കിഷൻ തോംസണിന്റെ സമയം 9.789 സെക്കൻഡായിരുന്നു. അമേരിക്കയുടെ ഫ്രെഡ് കെർലി 9.81 സെക്കൻഡുമായി വെങ്കലം സ്വന്തമാക്കി.
ലൈൽസ് x തോംസണ്
പാരീസ് ഒളിന്പിക്സിന്റെ വേഗരാജാവിനെ നിശ്ചയിക്കാനുള്ള പോരാട്ടത്തിൽ ആദ്യ 10 മീറ്റർ കുതിക്കാനായി ലൈൽസ് എടുത്തത് 1.95 സെക്കൻഡ്. തോംസണ് അതിലും മികച്ച സ്റ്റാർട്ടിംഗിലായിരുന്നു. ആദ്യ 10 മീറ്റർ 1.90 സെക്കൻഡിൽ തോംസണ് പിന്നിട്ടു.
എന്നാൽ, പിന്നീടുള്ള 10 മീറ്ററിന് ഇരുവർക്കും 1.03 സെക്കൻഡ് മാത്രമായിരുന്നു വേണ്ടിവന്നത്. അടുത്ത 10 മീറ്റർ ലൈൽസ് 0.92 സെക്കൻഡിലും തോംസണ് 0.91 സെക്കൻഡിലും പിന്നിട്ടു.
5.61 സെക്കൻഡിൽ 50 മീറ്റർ ലൈൽസ് പൂർത്തിയാക്കി. 5.56 സെക്കൻഡ് മാത്രമായിരുന്നു ആദ്യ 50 മീറ്റർ പിന്തള്ളാൻ തോംസണ് എടുത്തത്. എന്നാൽ, ഗിയർ മാറിയ ലൈൽസ് 1.65 സെക്കൻഡിൽ അടുത്ത 20 മീറ്റർ പിന്നിട്ടു. ഈ ദൂരം പിന്നിടാൻ തോംസണിന് 1.68 സെക്കൻഡ് വേണ്ടിവന്നു.
അവസാന 30 മീറ്ററിലും ആ കുതിപ്പു തുടർന്ന ലൈൽസ് 9.784 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിക്കയറി. 9.789 സെക്കൻഡുമായി തോംസണ് വെള്ളിയിലുമായി. പതിഞ്ഞ തുടക്കത്തിനുശേഷമായിരുന്നു ലൈൽസിന്റെ സ്വർണത്തിലേക്കുള്ള കുതിപ്പെന്നു ചുരുക്കം.
20 വർഷത്തിനുശേഷം യുഎസ് സ്വർണം
ഒളിന്പിക്സ് പുരുഷ 100 മീറ്ററിൽ ഒരു അമേരിക്കൻ താരം സ്വർണം നേടുന്നത് നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷമാണ്.
2004 ഏഥൻസ് ഒളിന്പിക്സിൽ ജസ്റ്റിൻ ഗാറ്റ്ലിനായിരുന്നു പുരുഷ 100 മീറ്ററിൽ സ്വർണം നേടിയ അവസാന അമേരിക്കൻ താരം. അന്ന് ഫൈനലിൽ മത്സരിച്ച ഏഴു പേർ 10 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്തിരുന്നു.
ലൈൽസിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് പാരീസിൽ കുറിക്കപ്പെട്ടതെന്നതും ശ്രദ്ധേയം. 2020 ടോക്കിയോ ഒളിന്പിക്സിൽ 200 മീറ്ററിൽ ലൈൽസ് വെങ്കലം സ്വന്തമാക്കിയിരുന്നു. പാരീസിൽ സ്പ്രിന്റ് ഡബിളിനായാണ് ലൈൽസിന്റെ ശ്രമം.