ഹോക്കി: മോഹം ഫൈനൽ
Tuesday, August 6, 2024 12:34 AM IST
പാരീസ്: ഒളിന്പിക്സിൽ ഫൈനൽ പ്രതീക്ഷയുമായി ഇന്ത്യൻ ഹോക്കി ടീം ഇറങ്ങും. ഒളിന്പിക്സിൽ 44 വർഷത്തിനുശേഷം ആദ്യ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യ ഇന്ന് സെമി ഫൈനലിൽ ജർമനിയെ നേരിടും.
ഇന്ത്യൻ സമയം രാത്രി 10.30ന് മത്സരം ആരംഭിക്കും. 1980 മോസ്കോ ഒളിന്പിക്സിലാണ് ഇന്ത്യ അവസാനമായി ഫൈനലിൽ പ്രവേശിച്ചത്. അന്ന് സ്വർണമെഡലുമായാണ് ഇന്ത്യൻ ടീം മടങ്ങിയത്. ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ സെമിയാണ്. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.
ഞായറാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ മികവിൽ ബ്രിട്ടനെ 4-2ന് തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. അർജന്റീനയെ 2-3നു പരാജയപ്പെടുത്തിയാണ് ജർമനി സെമിയിൽ കടന്നത്.
ഇന്ത്യക്കു 15 പേർ
ഇന്ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യക്കു പതിനഞ്ചുപേരെയേ കളിപ്പിക്കാനാകൂ. ക്വാർട്ടർ ഫൈനലിൽ ചുവപ്പ് കാർഡ് കിട്ടിയ പ്രതിരോധതാരം അമിത് രോഹിദാസിന് ഒരു മത്സരത്തിൽ വിലക്കുണ്ട്. മറ്റൊരു സെമിയിൽ നെതർലൻഡ്സ്, സ്പെയിനിനെ നേരിടും.