ടൈ കെട്ടി
Saturday, August 3, 2024 12:42 AM IST
കൊളംബോ: ഇന്ത്യ x ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരം സമനിലയിൽ. ശ്രീലങ്ക മുന്നോട്ടുവച്ച 230 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാൻ ഇന്ത്യക്കു സാധിച്ചില്ല. 230ൽ ഇന്ത്യ പുറത്തായതോടെയാണിത്. സ്കോർ: ശ്രീലങ്ക 230/8 (50). ഇന്ത്യ 230 (47.5).
ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ പതും നിസംഗ (75 പന്തിൽ 56 റണ്‍സ്), ഏഴാം നന്പറായെത്തിയ ദുനിത് വെല്ലലഗെ (65 പന്തിൽ 67 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് ആതിഥേയരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു വെല്ലലഗെയുടെ ഇന്നിംഗ്സ്. വനിന്ധു ഹസരെങ്കയും (35 പന്തിൽ 24) അവസാന ഓവറുകളിൽ പൊരുതി.
അകില ധനഞ്ജയയും (21 പന്തിൽ 17) വെല്ലലഗെയും ചേർന്ന് എട്ടാം വിക്കറ്റിൽ 39 പന്തിൽ 46 റണ്‍സ് അടിച്ചെടുത്തതാണ് ലങ്കയുടെ സ്കോർ 200 കടത്തിയത്. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗും അക്സർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ (47 പന്തിൽ 58) അർധസെഞ്ചുറി നേടി. ഓപ്പണിംഗ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം (35 പന്തിൽ 16) 12.4 ഓവറിൽ 75 റണ്‍സ് നേടാനും രോഹിത്തിനു സാധിച്ചു.
നാലാം നന്പറായെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനു (5) തിളങ്ങാനായില്ല. വിരാട് കോഹ്ലി (32 പന്തിൽ 24), ശ്രേയസ് അയ്യർ (23 പന്തിൽ 23) എന്നിവർ പുറത്തായതോടെ ഇന്ത്യ 24.2 ഓവറിൽ 132/5 എന്ന നിലയിലേക്കു പതിച്ചു. അക്സർ പട്ടേൽ (57 പന്തിൽ 33), കെ.എൽ. രാഹുൽ (43 പന്തിൽ 31), ശിവം ദുബെ (24 പന്തിൽ 25) എന്നിവരുടെ പോരാട്ടമാണ് തോൽവിയുടെ വക്കിൽനിന്ന് ഇന്ത്യയെ ടൈയിൽ എത്തിച്ചത്.