വെങ്കല പ്രതീക്ഷ...
Tuesday, July 30, 2024 2:05 AM IST
പാരീസ്: പാരീസ് ഒളിന്പിക്സ് ഷൂട്ടിംഗിൽ മെഡൽപ്രതീക്ഷയിൽ ഇന്ത്യ ഇന്നിറങ്ങും. മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ- സരബ്ജോത് സിംഗ് സഖ്യം വെങ്കലമെഡൽ മത്സരത്തിന് ഷൂട്ടിംഗ് റേഞ്ചിലെത്തും.
ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് എതിരാളികൾ. പാരീസിൽ ഇന്ത്യക്ക് വെങ്കലത്തിലൂടെ ആദ്യമെഡൽ സമ്മാനിച്ച മനു ഭാകർ രണ്ടാം മെഡൽ ലക്ഷ്യമിട്ടാണ് റേഞ്ചിലെത്തുന്നത്.
ഒളിന്പിക്സിന്റെ രണ്ടാം ദിനം ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ മൂന്നാം ദിനം ഷൂട്ടർമാർക്ക് മെഡലിലെത്താനായില്ല. ഇന്നലെ രണ്ടുപേർ മെഡൽ പോരാട്ടത്തിനിറങ്ങിയെങ്കിലും വെറുംകയ്യോടെ മടങ്ങേണ്ടിവന്നു.
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ അർജുൻ ബബുത നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ രമിത ജിൻഡാലിന് ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
പാരീസ് ഒളിന്പിക്സ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് ജയം. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി- സാത്വിക്സായിരാജ് രങ്കറെഡ്ഢി സഖ്യം ക്വാർട്ടറിലെത്തി.വനിതാ ഡബിൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-താനിഷ ക്രാസ്റ്റോ സഖ്യം ഗ്രൂപ്പ് സിയിൽ രണ്ടാം മത്സരവും തോറ്റു ക്വാർട്ടർ കാണാതെ പുറത്തായി.
പുരുഷ ഹോക്കിയിൽ ഗ്രൂപ്പ് ബിയിൽ മത്സരം അവസാനിക്കാൻ ഒരു മിനിറ്റുള്ളപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് നേടിയ ഗോളിൽ അർജന്റീനയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. അന്പെയ്ത്തിൽ വനിതാ ടീമിനു പിന്നാലെ പുരുഷ ടീമും ക്വാർട്ടറിൽ പുറത്തായി.