കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി
Friday, July 19, 2024 12:04 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ട്വിന്റി-20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ രണ്ടു മുതൽ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗ് മൽസരങ്ങളിൽ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.
എസ്. പ്രിയദർശൻ ജോസ് പട്ടാറ കണ്‍സോർഷ്യം, സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോർഷ്യം) ടി.എസ്. കലാധരൻ (കണ്‍സോൾ ഷിപ്പിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോർജ് മാനുവൽ (എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എന്നിവർക്കാണ് ടീമുകളുടെ ഫ്രൈഞ്ചൈസികൾ ലഭിച്ചത്. ടീമുകളുടെ പേരും മറ്റും പിന്നീട് തീരുമാനിക്കും.
ടെൻഡർ നടപടിക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്. ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച ഏഴുപേരെ ഫൈനൽ ബിഡ്ഡിംഗിനായി തെരഞ്ഞെടുത്തു. ഇതിൽ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേർക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളിൽനിന്ന് ലേലത്തിൽ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകൾ കളിക്കാരുടെ ലേലത്തിലൂടെ ഇവരിൽനിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ഗവേണിംഗ് കൗണ്‍സിൽ ചെയർമാൻ നാസർ മച്ചാൻ, അംഗം പി.ജെ. നവാസ് എന്നിവർ ബിഡ് ഓപ്പണിംഗിൽ പങ്കെടുത്തു.