ചരിത്രത്തിൽ മാഞ്ഞ ലൂസി മോർട്ടൻ
Thursday, July 18, 2024 12:55 AM IST
അജിത് ജി. നായർ
വെറും ഒരാഴ്ചയ്ക്കപ്പുറം പാരീസിൽ ലോക കായികമാമാങ്കത്തിന് തിരി തെളിയുകയാണ്. കൃത്യമായി പറഞ്ഞാൽ ഒരു നൂറ്റാണ്ടിനു ശേഷമാണ് പാരീസ് ഒരിക്കൽകൂടി ഒളിന്പിക്സിനായി ഒരുങ്ങുന്നത്.
ആധുനിക ഒളിന്പിക്സിന്റെ പിതാവായി അറിയപ്പെടുന്ന പിയറി ദേ കുബർട്ടിന്റെ ജന്മനാട്ടിൽ 1924ലാണ് ഇതിനു മുന്പ് ഒളിന്പിക്സ് നടന്നത്.
ഒളിന്പിക്സ് ചരിത്രത്തിൽ ഫ്രഞ്ചു മണ്ണിനുള്ള സ്ഥാനം അവിസ്മരണീയമാണ്. ആദ്യമായി സ്ത്രീകൾ പങ്കെടുത്തത് 1900ലെ പാരീസ് ഒളിന്പിക്സിലായിരുന്നു.
രണ്ടാം ഒളിന്പിക്സിനായി വെറും 24 വർഷം മാത്രം കാത്തിരുന്നാൽ മതിയായിരുന്നു ഫ്രാൻസിന്. എന്നാൽ, പിന്നീടുള്ള കാലം ഫ്രാൻസിനെയും ഒളിന്പിക്സിനെയും സംബന്ധിച്ച് ‘ഏകാന്തതയുടെ 100 വർഷങ്ങൾ’ ആയിരുന്നു.
നിത്യവിസ്മൃതിയിലേക്ക് ആഴ്ന്നു പോവാനായിരുന്നു 1924ലെ പാരീസ് ഒളിന്പിക്സ് ഹീറോകളിൽ പലരുടെയും ദുർവിധി. അവരിൽ ഒരാളായിരുന്നു ബ്രിട്ടീഷ് നീന്തൽ താരം ലൂസി മോർട്ടൻ. അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചായിരുന്നു അന്ന് ലൂസി ഒളിന്പിക് ചാന്പ്യനായത്.
അപകടം
1924 ജൂലൈ 14നായിയിരുന്നു ലൂസി മോർട്ടന്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്. ആളുകളുടെ ബഹളം കേട്ട് കണ്ണു തുറക്കുന്പോൾ അവൾ പാരീസിലെ ഒരു പാതയോരത്ത് കിടക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ലൂസിക്ക് ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു.
അവൾ സഞ്ചരിച്ച ടാക്സിയിൽ മറ്റൊരു ടാക്സി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അവൾ മൂടിയില്ലാത്ത ടാക്സിയിൽ നിന്ന് തെരുവിലേക്ക് തെറിച്ചുവീണു. മുഖം ചോരയിൽ കുതിർന്നതായി മനസിലാക്കിയ ലൂസി സമീപത്ത് കണ്ടത് അടർന്നുവീണ തന്റെ അഞ്ചു പല്ലുകളാണ്.
രണ്ടു ദിവസങ്ങൾക്കപ്പുറമാണ് 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് മത്സരം. തന്റെ ഒളിന്പിക്സ് സ്വപ്നങ്ങൾ അവസാനിക്കുകയാണെന്ന് ലൂസി അവിടെ തിരിച്ചറിയുകയായിരുന്നു.
മെഡൽ പ്രതീക്ഷയുണ്ട്; സ്വർണത്തിൽ ഇല്ല
ബ്ലാക്പൂളിൽ നിന്നുള്ള ഈ ഇരുപ ത്തിയാറുകാരി ഇംഗ്ലണ്ടിന്റെ മെഡൽ സാധ്യതയുള്ള താരമായിരുന്നു. എന്നാൽ സ്വർണമെഡൽ ഫേവറൈറ്റ് അല്ലായിരുന്നു താനും. അന്നത്തെ ലോക റിക്കാർഡ് ജേതാവും സ്വന്തം നാട്ടുകാരിയുമായ ഐറീൻ ഗിൽബർട്ടും അമേരിക്കൻ താരം ആഗ്നസ് ജെറാട്ടിയുമായിരുന്നു ഒളിന്പിക്സിൽ ലൂസിയുടെ പ്രധാന എതിരാളികൾ.
1916ൽ 150 യാർഡ് ബാക്സ്ട്രോക്കിൽ ലോകറിക്കാർഡ് ഇട്ട ഒരു ചരിത്രവും ലൂസിക്കുണ്ടായിരുന്നു. എന്നാൽ ലോകയുദ്ധം കാരണം 1916ലെ ഒളിന്പിക്സ് റദ്ദ് ചെയ്തതും 1920ലെ ആന്റ്വെർപ് ഒളിന്പിക്സിൽ ആ ഇനം ഉൾപ്പെടുത്താഞ്ഞതും അവളുടെ ഒളിന്പിക്സ് മെഡൽ മോഹങ്ങൾ തല്ലിക്കെടുത്തി.
വൻ തിരിച്ചുവരവ്
പിന്നീടാണ് അവൾ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലേക്ക് മാറുന്നത്. പാരീസ് ഒളിന്പിക്സിന് ഒരു വർഷം മുന്പു വരെ അവൾ ബ്ലാക്്പൂളിലെ സെന്റ് ആൻസിലുള്ള ഒരു പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായിരുന്നു. ജോലി കഴിഞ്ഞ് അൽപസമയം മാത്രമായിരുന്നു നീന്തൽ പരിശീലിക്കാൻ ലഭിച്ചിരുന്നത്.
എന്നിരുന്നാലും ഒളിന്പിക്സിനായുള്ള 13 അംഗ ബ്രിട്ടീഷ് ടീമിൽ ഇടംപിടിക്കാൻ അവർക്ക് കഴിഞ്ഞു. അപകടത്തിന് അവളുടെ ആത്മവിശ്വാസം തകർക്കാൻ കഴിയുമായിരുന്നില്ല. പാരീസിലെ പിസീൻ ദെ ടുവെല്ലിലെ ഓപ്പണ് എയർ അക്വാട്ടിക് സെന്ററിൽ ഫൈനലിലിറങ്ങാൻ അവൾക്ക് കരുത്തായതും ആ ആത്മവിശ്വാസം തന്നെയായിരുന്നു.
എന്നാൽ ഫൈനലിന്റെ അന്ന് പ്രഭാതത്തിൽ ഒരു മോശം വാർത്തയായിരുന്നു ഇംഗ്ലീഷ് സ്വിമ്മിംഗ് ടീമിനെ തേടിയെത്തിയത്.
ലോകചാന്പ്യനും സ്വർണപ്രതീക്ഷയുള്ള താരവുമായ ഐറീൻ ഗിൽബർട്ട് തലേന്ന് രാത്രിയിൽ രോഗബാധിതയായി എന്നതായിരുന്നു ആ ദുഃഖകരമായ വാർത്ത. ഗിൽബർട്ട് മത്സരിക്കുന്ന കാര്യം സംശയമായതോടെ ഇംഗ്ലീഷ് ടീമിന്റെ പ്രതീക്ഷയറ്റു.
ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ലൂസിയിൽ ആർക്കും പ്രതീക്ഷയില്ലായിരുന്നു. ഫൈനലിന്റെ തലേദിവസം ഉച്ചയോടെ പ്രദേശത്തുള്ള ഒരു ഡോക്ടറെ ലൂസി സമീപിച്ചു. ഡോക്ടർ നൽകിയ വേദനാസംഹാരികളിലായിരുന്നു അവളുടെ പ്രതീക്ഷ.
ഐറിനും മത്സരിക്കാനെത്തി. എന്നാൽ ഏവരുടെയും പ്രതീക്ഷകൾക്കു വിപരീതമായ കാര്യങ്ങളാണ് നീന്തൽക്കുളത്തിൽ കണ്ടത്.
ഫോട്ടോഫിനിഷിലൂടെ ലൂസി സ്വർണം സ്വന്തമാക്കി. ലോകറിക്കാർഡ് ജേതാവ് ഐറീൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയുടെ ജെറാട്ടി, ലൂസിയുടെ തൊട്ടുപിന്നിൽ ഫിനിഷ് ചെയ്തു. ബ്രിട്ടന്റെ തന്നെ ഗ്ലാഡിസ് കാർസനായിരുന്നു വെങ്കലം.
പാരീസിൽനിന്നും സ്വർണം നേടി തിരികെയെത്തിയ ലൂസിക്ക് ആവേശോജ്ജ്വല വരവേൽപ്പാണ് ജന്മനാട്ടിൽ ലഭിച്ചത്. എന്നാൽ ബഹളങ്ങളിൽ നിന്നകന്ന് നേരേ വീട്ടിലേക്ക് പോകാനായിരുന്നു അവർ താൽപര്യപ്പെട്ടത്.
പിന്നീട് ബ്ലാക്പൂളിലെ ടൗണ്ഹാളിൽ ലൂസിയെ ആദരിക്കാനായി ഒരു ചടങ്ങു സംഘടിപ്പിച്ചു. അന്ന് 10,000ൽ അധികം ആളുകളാണ് തെരുവിൽ അണിനിരന്നത്. അവിടെ വച്ച് ഒരു പിയാനോയാണ് അവൾക്ക് സമ്മാനമായി ലഭിച്ചത്.
നീന്തൽ മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷം ലൂസി നീന്തൽ പരിശീലനവും മറ്റുമായി സജീവമായിരുന്നു. 1980ൽ അന്തരിക്കുന്നതിനു മുന്പ് ഏതാനും വർഷം ബ്ലാക്പൂൾ ടവർ സർക്കസിൽ വാട്ടർ ഷോ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും ഒളിന്പിക് നീന്തലിൽ ചാന്പ്യനാകുന്ന ആദ്യ ബ്രിട്ടീഷ് വനിതയായ ലൂസി മോർട്ടനെ പിന്നീട് ആരും ഓർത്തില്ല. ആ പേര് ചരിത്രത്തിൽനിന്നു മാഞ്ഞു പോവുകയാണുണ്ടായത്.