ബിയവെന്യു അ പരീ
Saturday, July 13, 2024 12:56 AM IST
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
‘ബിയവെന്യു അ പരീ’... പാരീസിലേക്ക് സ്വാഗതം എന്നതിന്റെ ഫ്രഞ്ചാണിത്. 2024 പാരീസ് ഒളിന്പിക്സിലേക്ക് ലോകത്തെ സ്വാഗതം ചെയ്ത് നഗരത്തിന്റെ മിക്കയിടങ്ങളിലും ഈ ബാനറുകൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. യുവേഫ യൂറോ കപ്പ്, കോപ്പ അമേരിക്ക, വിംബിൾഡണ് തുടങ്ങിയ പോരാട്ടങ്ങൾക്കുശേഷം ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക ആകർഷണമായ ഒളിന്പിക്സിനായി ലോകം പാരീസിലേക്ക് ഒഴുകിയെത്തും.
126 ഏക്കറിൽ ഗെയിംസ് വില്ലേജ്
ഒളിന്പിക്സിനെത്തുന്ന കായികതാരങ്ങളെയും പരിശീലക സംഘങ്ങളെയും വരവേൽക്കാനുള്ള ഒളിന്പിക് വില്ലേജ് പൂർത്തിയായിക്കഴിഞ്ഞു. പാരീസിന്റെ വടക്കുഭാഗത്ത് സെയിൻ നദിക്കരയിലുള്ള സെന്റ് ഡെനി മുൻസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലുമായാണ് ഗെയിംസ് വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. 51 ഹെക്ടറിൽ (126 ഏക്കർ) വ്യാപിച്ചു കിടക്കുന്നതാണ് 2024 പാരീസ് ഒളിന്പിക്സ് വില്ലേജ്. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെ നീളുന്ന പാരീസ് ഒളിന്പിക്സിൽ പതിനൊന്നായിരത്തോളം കായികതാരങ്ങൾക്കു പുറമേ പരിശീലകരടക്കമുള്ള സംഘവും എത്തും.
തൊട്ടുപിന്നാലെ പാരീസ് വേദിയാകുന്ന പാരാലിന്പിക്സിനും ഈ വില്ലജാണ് ഉപയോഗിക്കുക. പാരീസ് നഗരത്തിനു പുറമേ ഒളിന്പിക്സ് മത്സരങ്ങൾ അരങ്ങേറുന്ന മറ്റു സ്ഥലങ്ങളിലും ചെറിയ ഒളിന്പിക് വില്ലേജുകൾ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
ഒളിന്പിക്സിനുശേഷം
100 വർഷം മുൻപ് നടന്ന 1924 പാരീസ് ഒളിന്പിക്സിൽ ആയിരുന്നു ഒളിന്പിക് വില്ലേജ് എന്ന ആശയം ഉദിച്ചത്. അന്ന് അത് ഒരു താത്കാലിക നിർമിതി ആയിരുന്നെങ്കിൽ ഇന്ന് ഒരു സുസ്ഥിര സംവിധാനമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഒളിന്പിക്സിനുശേഷം ഗെയിംസ് വില്ലേജ് ഓഫീസുകളായും അപ്പാർട്മെന്റുകളായും മാറ്റും. ഇവിടേക്ക് താമസക്കാർ എത്തും. അങ്ങനെ പാരീസ് നേരിടുന്ന ഭവന പ്രതിസന്ധി ഒരുപരിധിവരെ തരണം ചെയ്യാൻ സധിക്കുമെന്നതും ഒളിന്പിക്സിനുശേഷമുള്ള ഗുണങ്ങളിലൊന്നാണ്. നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലെ ദരിദ്ര്യമേഖലകളിൽ ചിലത് പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയോടെയുമാണ് ഗെയിംസ് വില്ലേജിനുള്ള സ്ഥലം തെരഞ്ഞെടുത്തത്.
പരിസ്ഥിതി സൗഹൃദം
പരിസ്ഥിതി സംരക്ഷണത്തിന് ഉൗന്നൽ നൽകിയാണ് ഗെയിംസ് വില്ലേജ് രൂപകല്പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹാർദ നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് വില്ലേജ് നിർമിച്ചിരിക്കുന്നത്. സോളാർ പാനലുകൾ, ജലശുദ്ധീകരണ സംവിധാനങ്ങൾ, പുഴയോരം, മരങ്ങൾ വച്ചുപിടിപ്പിച്ചുള്ള പച്ചപ്പ് സംരക്ഷണം, ഭിന്നശേഷി സൗഹൃദം തുടങ്ങിയവയാണ് പാരീസ് ഗെയിംസ് വില്ലേജിന്റെ പ്രത്യേകതകൾ.
2024 ഒളിന്പികസിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാരീസ് നേടിയതിന്റെ പ്രധാന കാരണം 95 ശതമാനം മത്സരങ്ങളും നിലവിലുള്ള കായിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നടത്താൻ സാധിക്കും എന്നതാണ്. കാർബണ് പുറന്തള്ളൽ പരമാവധി കുറയ്ക്കണം എന്നത് ഈ ഒളിന്പിക്സിന്റെ ലക്ഷ്യത്തിൽ പെടുന്നു. പുതിയതായി വികസിപ്പിച്ച മെട്രോ 14 (ഓട്ടോമാറ്റിക് ലൈൻ) ഒളിന്പിക് വില്ലേജിന്റെ അരികിലൂടെയാണ്. ഇതുവഴി പാരീസിലെ മത്സരവേദികളിൽ അതിവേഗം എത്താം.
വിശാലമായ ഭക്ഷണശാല
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണശാലയാണ് ഗെയിംസ് വില്ലേജിലുള്ളത്. ഏകദേശം 50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ്. ഒരേസമയം അയ്യായിരത്തോളം ആളുകൾക്ക് ഭക്ഷണം നൽകാനാകുന്ന സൗകര്യം ഇവിടുണ്ട്
.
ഫ്രാൻസിന്റെ തനത് ഭക്ഷണങ്ങൾക്കൊപ്പം മറ്റു പാശ്ചാത്യ, ഏഷ്യൻ, ആഫ്രിക്കൻ പാചക രീതിയും ഇവിടുണ്ടാകും. 200 ഷെഫുമാരാണ് ഇവിടുള്ളത്.
ഭക്ഷണശാലയ്ക്കുപിന്നാലെ ഷോപ്പിംഗ് മാൾ, പോസ്റ്റ് ഓഫീസ്, ജിം, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങിയവയും വില്ലേജിലുണ്ട്.