മഞ്ഞക്കടൽ നിശ്ചലം
വി. മനോജ്
Monday, July 8, 2024 1:23 AM IST
പ്രതിഭാശാലികളായ ഒരുപറ്റം കളിക്കാരല്ല ടീമിനാവശ്യം. ഓരോ പൊസിഷനിലും കളി നിയന്ത്രിക്കാൻ കഴിയുന്നവരെയും അവരെ കൃത്യമായി വിന്യസിപ്പിക്കുകയുമാണെന്നു ബ്രസീലിന്റെ പുതിയ കോച്ച് ഡോണിവൽ ജൂണിയർ ചിന്തിക്കുന്നുണ്ടാകും. കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിൽ ക്വാർട്ടറിൽ ഉറുഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-2നു പരാജയപ്പെട്ട് പുറത്തായ ബ്രസീലിന് ചിന്തിക്കാൻ മറ്റെന്തുണ്ട്...? ടൂർണമെന്റിൽ കളിച്ച നാലിൽ ഒരു കളി മാത്രം ജയിച്ചാണ് ബ്രസീൽ മടങ്ങുന്നത്.
2022 ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ പുറത്തായശേഷം ബ്രസീൽ ഫുട്ബോളിനു മോശം സമയമാണ്. സമീപകാലത്ത് കിരീടങ്ങളില്ലാതെ വിഷമിക്കുന്ന ബ്രസീൽ കോപ്പ അമേരിക്ക ജേതാക്കളാകുമെന്ന പ്രതീക്ഷയിലാണ് യുഎസിലെത്തിയത്. സർഗാത്മക ശേഷിയുള്ള ബ്രസീലിയൻ കളിക്കാർ നിരാശജനകമായ ഫുട്ബോളാണ് അടുത്തകാലത്ത് കാഴ്്ചവയ്ക്കുന്നതെന്നു വ്യക്തം. 1994, 2002 ലോകകപ്പുകളിൽ ബ്രസീൽ നിറഞ്ഞാടിയ മത്സരങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
ഇരുവിംഗുകളിലൂടെയും ഫുട്ബോൾ കയറ്റി, സെന്ററിൽ കൊടുക്കുകയും അപകടകരമായ വേഗതയോടെ, താഴ്ന്ന ക്രോസുകൾ നൽകുകയും ചെയ്ത ബ്രസീൽ കിരീടവുമായാണ് മടങ്ങിയത്. 2002ൽ കൊറിയ-ജപ്പാൻ സംയുക്തമായി നടത്തിയ ലോകകപ്പിൽ കണ്ടത് വിംഗുകളിലൂടെ മുന്നേറുന്ന റോബർട്ടോ കാർലോസിനെയും കഫുവിനെയുമാണ്.
മുൻതാരങ്ങളായ ജോർജീഞ്ഞൊയുടെയും ലിയണാർഡോയുടെയും പിന്തുടർച്ചയായിരുന്നു അത്. മിഡ്ഫീൽഡിലുള്ളവർ കളി നിയന്ത്രിച്ചു മുൻനിരയ്ക്കു വേഗത്തിൽ പന്തു നൽകുന്ന കാഴ്ച ആവേശം കൊള്ളിച്ചു. ഹൈ ത്രോകൾ ട്രാപ്പു ചെയ്യുന്നതിലും ബ്രസീൽ മികവുകാട്ടി. കോർണറുകൾ എടുക്കുന്പോൾ എതിരാളികളെ മാർക്കു ചെയ്യാനും ബോൾ ക്ലിയർ ചെയ്യാനും ബ്രസീൽ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. സമീപകാലത്ത് മേൽപ്പറഞ്ഞ കേളീശൈലി മഞ്ഞപ്പടയിൽ കാണുന്നില്ല.
മികവുറ്റ സീനിയർ താരങ്ങളുടെ സാന്നിധ്യം ടീമിലില്ലാത്തതു ബ്രസീലിന്റെ പ്രകടനത്തെ പിറകോട്ടടിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ബ്രസീലിന്റെ കണ്ടെത്തലായ നെയ്മറിന്റെ സേവനം സുപ്രധാന മത്സരങ്ങളിൽ ലഭിക്കാത്തതും തിരിച്ചടിയായി. നെയ്മർ കളിച്ചാലും പല മത്സരങ്ങളും പൂർത്തിയാക്കാതെ പരിക്കുമൂലം കളംവിടുകയായിരുന്നു. 2024 കോപ്പയിൽ നെയ്മറിന്റെ സേവനം ടീമിനു ലഭിച്ചില്ല. വിനീഷ്യസ് ജൂണിയറിലായിരുന്നു പ്രതീക്ഷ.
എന്നാൽ, രണ്ടു കളികളിൽ മഞ്ഞക്കാർഡ് കണ്ടതോടെ വിനീഷ്യസിനു ക്വാർട്ടറിൽ കളിക്കാൻ കഴിഞ്ഞില്ല. പുതിയ പരിശീലകൻ ഡോണിവൽ ജൂണിയറിന്റെ കീഴിൽ ബ്രസീൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടീമിനെ സെറ്റാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2026 ലോകകപ്പ് യോഗ്യതയിൽ ആറു മത്സരങ്ങളിൽ രണ്ടു ജയം മാത്രവുമായി ആറാം സ്ഥാനത്താണ് ബ്രസീൽ എന്നതും ശ്രദ്ധേയം. ചുരുക്കത്തിൽ കാനറികൾ ഉണരാൻ സമയം അതിക്രമിച്ചു...