ജർമനിയെ കീഴടക്കി സ്പെയിൻ സെമിയിൽ
Saturday, July 6, 2024 12:37 AM IST
സ്റ്റഡ്ഗഡ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ മുൻ ചാമ്പ്യന്മാരായ സ്പെയിൻ സെമിയിൽ. ആതിഥേയരായ ജർമനിയെ അധിക സമയത്തേക്ക് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ 2-1നു കീഴടക്കിയാണ് ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിൻ സെമിയിൽ കടന്നത്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 51-ാം മിനിറ്റിൽ ഡാനി ഓൾമോയിലൂടെ സ്പെയിൻ 1-0ന്റെ ലീഡ് സ്വന്തമാക്കി. ലമെയ്ൻ യമാലിന്റെ അസിസ്റ്റിലായിരുന്നു ഓൾമോ ജർമൻ വല കുലുക്കിയത്. ഈ യൂറോയിൽ യമാലിന്റെ മൂന്നാം അസിസ്റ്റ്. ഒരു യൂറോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നടത്തുന്ന പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡും പതിനാറുകാരനായ യമാൽ സ്വന്തമാക്കി.
89-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്റെ അസിസ്റ്റിൽ ഫ്ളോറിയൻ വ്രിറ്റ്സ് ജർമനിക്കു സമനില സമ്മാനിച്ചു. അതോടെ മത്സരം അധിക സമയത്തേക്ക്. ഓൾമോയുടെ അസിസ്റ്റിൽ മിക്കേൽ മെറിനോ 119-ാം മിനിറ്റിൽ സ്പെയിനിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കി. തൊട്ടു പിന്നാലെ രണ്ടാം മഞ്ഞക്കാർഡിലൂടെ സ്പാനിഷ് താരം ഡാനി കാർവഹാൽ (120+5') പുറത്തേക്കു നടന്നു.
യൂറോ കപ്പ് ചരിത്രത്തിൽ ജർമനിയും സ്പെയിനും നേർക്കുനേർ കൊന്പുകോർക്കുന്ന നാലാമത് മത്സരമായിരുന്നു സ്റ്റഡ്ഗഡിൽ അരങ്ങേറിയത്. 2008 ഫൈനലിൽ ഇരുടീമും മുഖാമുഖമിറങ്ങിയപ്പോൾ 1-0ന്റെ ജയത്തോടെ സ്പെയിൻ കപ്പിൽ മുത്തംവച്ചിരുന്നു. അതിനുശേഷം ജർമനിയും സ്പെയിനും യൂറോ വേദിയിൽ ഏറ്റുമുട്ടിയപ്പോൾ സ്റ്റഡ്ഗഡ് അരീന ആരവത്തിൽ മുങ്ങി. സ്പാനിഷ് ക്യാപ്റ്റൻ ആൽവാരോ മൊറാട്ടയുടെ അസിസ്റ്റിൽ പെദ്രിയുടെ ഗോൾശ്രമത്തോടെയാണ് മത്സരം ആരംഭിച്ചത്. പിന്നീടങ്ങോട്ട് ഇരുടീമംഗങ്ങളും തുടർച്ചയായി ഫൗൾ നടത്തി. ഇതിനിടെ സ്പാനിഷ് സംഘം ജർമൻ ഗോൾമുഖത്ത് വീണ്ടും ഭീഷണിയായി.
എട്ടാം മിനിറ്റിൽ ഫൗളിനുവിധേയമായി പെദ്രിക്കു പരിക്കേറ്റു. പെദ്രിക്കു പകരം ഡാനി ഓൾമോ കളത്തിലെത്തി. 10-ാം മിനിറ്റിൽ മൊറാട്ടയുടെ കുതിപ്പ് ഓഫ്സൈഡ് കുരുക്കിൽപ്പെട്ടു. 12-ാം മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ അസിസ്റ്റിൽ നിക്കോ വില്യംസ് ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് പുറത്തേക്കുപാഞ്ഞു. 15-ാം മിനിറ്റിൽ മൊറാട്ടയുടെ ഗോൾഷോട്ട് ബ്ലോക്ക് ചെയ്ത് ജർമൻ പ്രതിരോധം അപകടമൊഴിവാക്കി. 21-ാം മിനിറ്റിൽ കയ് ഹവേർട്ട്സിലൂടെ ജർമനി തിരിച്ചടിച്ചു. ഹവേർട്ട്സിന്റെ ഗോൾശ്രമം സ്പാനിഷ് വലയിലെത്തിയില്ല.
അതോടെ ജർമനി ഉണർന്നു. ജോനാഥൻ താഹിലൂടെ ഒരിക്കൽക്കൂടി ജർമനി ഗോളിലേക്ക് ലക്ഷ്യംവച്ചു. പന്തിനായുള്ള പോരാട്ടത്തിനിടെ ഫൗളിന് ഇരുടീമും മടിക്കാതിരുന്നതോടെ റഫറിയുടെ വിസിലിനും വിശ്രമമില്ലായിരുന്നു.