രാവിലെ അർജന്റീന
Friday, July 5, 2024 12:39 AM IST
ഹൂസ്റ്റണ്: കോപ്പ അമേരിക്ക ഫുട്ബോളിൽ ഇന്ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കു തുടക്കമാകും. ഇന്ന് ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നിലവിലെ ചാന്പ്യന്മാരായ അർജന്റീനയും ഇക്വഡോറും തമ്മിലുള്ള പോരാട്ടമാണ്.
ഗ്രൂപ്പ് എയിൽ ഗോളൊന്നും വഴങ്ങാതെ മൂന്നു കളിയും ജയിച്ചാണ് അർജന്റീന ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ബിയിലായിരുന്ന ഇക്വഡോർ മൂന്നു കളിയിൽ നാലു പോയിന്റുമായി ഇതേ പോയിന്റുള്ള മെക്സിക്കോയെ ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അവസാന എട്ടിലെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഇരുടീമും ക്വാർട്ടറിലേറ്റുമുട്ടുന്നത്.
മെസി കളിച്ചേക്കില്ല
ഗ്രൂപ്പിൽ ചിലിക്കെതിരേയുള്ള മത്സരത്തിനിടെ തുടയ്ക്കു പരിക്കേറ്റ അർജന്റൈൻ നായകൻ ലയണൽ മെസി ഇന്ന് കളിക്കുന്ന കാര്യം സംശയമാണെന്ന് കോച്ച് ലയണൽ സ്കലോണി വെളിപ്പെടുത്തി. പെറുവിനെതിരേ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മെസി ഇല്ലായിരുന്നു. ക്വാർട്ടറിനു മുന്നോടിയായി പരിശീലത്തിനു ടീമിനൊപ്പം മെസി ഇറങ്ങിയിരുന്നു. ഒരു കളിയിൽ സസ്പെൻഷൻ നേരിടുന്ന സ്കലോണിയുടെ സേവനവും കളത്തിനു പുറത്ത് അർജന്റീന ടീമിനു ലഭിക്കില്ല.
ടൂർണമെന്റിൽ മൂന്നു കളിയിൽ നാലു ഗോൾ നേടിയ ലൗതാരോ മാർട്ടിനസിന്റെ മികവിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ.
ഇക്വഡോർ മികച്ച കളിക്കാരും മികച്ച പരിശീലകനുമുള്ള മികച്ച ടീമാണ്. കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് അവർ. കിരീടത്തിനായി വെല്ലുവിളി ഉയർത്താൻ പ്രാപ്തരാണ് - അർജന്റൈൻ പരിശീലകൻ സ്കലോണി പറഞ്ഞു. ടൂർണമെന്റിൽ ഗോളടിച്ചുകൂട്ടുന്നില്ലെങ്കിലും പ്രതിരോധം ശക്തമായ കളിയാണ് കാഴ്ചവയ്ക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മെക്സിക്കോയെ ഗോൾരഹിത സമനിലയിൽ തളച്ചത് മികച്ച പ്രതിരോധത്തിലൂടെയാണ്.
നേർക്കുനേർ
കഴിഞ്ഞ അഞ്ചു മത്സരങ്ങളുടെ കണക്കെടുത്താൽ നാലെണ്ണത്തിൽ അർജന്റീന ജയിച്ചപ്പോൾ ഒരണ്ണം സമനിലയായി. ജയിച്ച നാലു കളിയിൽ മൂന്നെണ്ണത്തിലും ഒരു ഗോൾ മാത്രമാണ് അർജന്റീനയ്ക്ക് നേടാനായത്. ഓരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. എന്നാൽ 2021 ജൂലൈ നാലിനു നടന്ന കോപ്പ അമേരിക്ക ക്വാർട്ടറിൽ അർജന്റീനയ്ക്ക് 3-0ന്റെ മികച്ച ജയം നേടാനായി.