ഇന്ത്യയുടെ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ടീമിന് റിക്കാർഡ്
Sunday, June 30, 2024 1:08 AM IST
ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ റിക്കാർഡ് സ്കോർ കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഏക ടെസ്റ്റിൽ ഇന്ത്യ ആറു വിക്കറ്റിന് 603 റണ്‍സ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നാലു വിക്കറ്റിന് 236 റണ്‍സ് എന്ന നിലയിലാണ്.
വനിത ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്നിംഗ്സ് സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയ 603/6 ഡിക്ല. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഓസ്ട്രേലിയ നേടിയ 575/9 ഡിക്ലയേർഡ് എന്ന റിക്കാർഡ് ഇതോടെ പിന്തള്ളപ്പെട്ടു.
ആദ്യ ദിനം ഷഫാലി വർമയും (205) സ്മൃതി മന്ദാനയും (149) ജെമിമ റോഡ്രിഗസും (55) നൽകിയ ബാറ്റിംഗ് വിരുന്നിനു പുറമെ രണ്ടാം ദിവസം 90 പന്തിൽ 86 റണ്‍സ് നേടിയ റിച്ചാ ഘോഷ്, 115 പന്തിൽ 69 റണ്‍സ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരുടെ പ്രകടനവും ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. ആദ്യ ദിനം നാലു വിക്കറ്റിന് 525 റണ്‍സാണ് ഇന്ത്യ നേടിയത്.
രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഹർമൻപ്രീതിന്റെ വിക്കറ്റായിരുന്നു. ഹർമൻപ്രീതും റിച്ചാ ഘോഷും അഞ്ചാം വിക്കറ്റിൽ 143 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. വനിതാ ടെസ്റ്റിൽ അഞ്ചാം വിക്കറ്റ് സഖ്യത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
മറുപടി ബാറ്റിംഗിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അർധ സെഞ്ചുറി നേടി സുനെ ലൂസ്, മാരിസെൻ കാപ്പ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
മാരിസെൻ കാപ്പും (69), നാദിനെ ഡി ക്ലെർക്കും (27) ആണ് ക്രീസിൽ. സുനെ ലൂസ് (65), ആനെക് ബോഷ് (39), ലോറ വോൾവാർഡ് (20), ഡെൽമി ടക്കർ (പൂജ്യം) എന്നിവരാണ് പുറത്തായത്. ഇന്ത്യയുടെ സ്നേഹ് റാണ മൂന്നു വിക്കറ്റ് നേടി.