ഇംഗ്ലണ്ട്, സ്പെയിൻ കളത്തിൽ
Sunday, June 30, 2024 1:08 AM IST
മ്യൂണിക്: യുവേഫ യൂറോ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട്, സ്പെയിൻ ടീമുകൾ കളത്തിൽ. ഇന്ത്യൻ സമയം ഇന്നുരാത്രി 9.30നു നടക്കുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് സ്ലോവാക്യയുമായി ഏറ്റുമുട്ടും. സ്പെയിൻ x ജോർജിയ പോരാട്ടം അർധരാത്രി 12.30നാണ്.
ഗ്രൂപ്പ് സി ചാന്പ്യന്മാരാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് ഇ മൂന്നാം സ്ഥാനക്കാരായാണ് സ്ലോവാക്യ അവസാന 16ൽ എത്തിയത്. സ്ലോവാക്യക്കെതിരേ ആറ് മത്സരങ്ങളിൽ ഇതുവരെ ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചിലും ജയിച്ചു.
വഴങ്ങിയ തോൽവി 2016 യൂറോ കപ്പിലാണ്. ഒരു പ്രമുഖ ടൂർണമെന്റിൽ ഇരുടീമും നേർക്കുനേർവന്ന ഏക മത്സരവും അതായിരുന്നു. തുടർച്ചയായ രണ്ടാം തവണയും യൂറോ ക്വാർട്ടർ ഫൈനലിൽ എത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽനിന്ന് രണ്ടു ഗോൾ മാത്രമാണ് ഇംഗ്ലണ്ടിന്റെ പേരുകേട്ട സംഘം നേടിയത്.
ജോർജിയയ്ക്കെതിരേ സ്പെയിൻ ഇതുവരെ ആകെ ഏഴ് തവണ ഇറങ്ങി. അതിൽ ആറിലും ജയിച്ചു. ജോർജിയ ഒരു പ്രമുഖ ടൂർണമെന്റിൽ കളിക്കുന്നതും (യൂറോ, ഫിഫ) പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നതും ചരിത്രത്തിൽ ആദ്യമാണ്.
പോർച്ചുഗലിനെ അട്ടിമറിച്ചാണ് ജോർജിയ പ്രീക്വാർട്ടർ ഉറപ്പിച്ചത്. 2024 യൂറോ യോഗ്യതാ റൗണ്ടിൽ ഇരുടീമും നേർക്കുനേർ വന്നപ്പോൾ സ്പെയിൻ 7-1ന്റെ ജയം നേടി.