ഷെഫാലി മാസ്റ്റർ ബ്ലാസ്റ്റ്
Saturday, June 29, 2024 12:38 AM IST
ചെന്നൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർ താരം ഷെഫാലി വർമയ്ക്ക് ഇരട്ടസെഞ്ചുറി. ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് ഇരുപതുകാരിയായ ഷെഫാലി വർമ ഇരട്ടശതകം (197 പന്തിൽ 205 റണ്‍സ്, 23 ഫോറും എട്ട് സിക്സും) നേടിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കുന്ന താരമെന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി.
113 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഷെഫാലി 194 പന്തിൽ ഇരട്ട സെഞ്ചുറി തികച്ചു. 1984ൽ 137 പന്തിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജാനറ്റ് ബ്രിട്ടിന്റെ റിക്കാർഡും 254 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ അന്നാബെല്ലിന്റെ റിക്കാർഡും ഷെഫാലി ഇതോടെ തിരുത്തി.
മത്സരത്തിൽ 122 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ സ്മൃതി മന്ദാനയാണ് അതിവേഗ സെഞ്ചുറിയിൽ രണ്ടാമത്. ഷെഫാലിക്കൊപ്പം ഓപ്പണ്‍ ചെയ്ത സ്മൃതി മന്ദാന 161 പന്തിൽ 27 ഫോറും ഒരു സിക്സും ഉൾപ്പെടെ 149 റണ്‍സ് നേടി. ഇരുവരും ചേർന്ന് ഓപ്പണിംഗ് പാർട്ണർഷിപ്പിൽ 292 റണ്‍സ് നേടി.
ആദ്യദിനം മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 525/4 എന്ന മികച്ച സ്കോറിലാണ്. ടെസ്റ്റിലെ ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.