സൂപ്പര്‍ ലീഗ് കേരള : കൊച്ചി ടീമിനെ സ്വന്തമാക്കി നടന് പൃഥ്വിരാജ്
Saturday, June 29, 2024 12:38 AM IST
കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയുടെ ഉടമയായി നടന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും.
കേരളത്തിലെ ഫുട്ബോളിനെ പ്രഫഷണല്‍ തലത്തില്‍ ഉയര്‍ത്താനും താഴേക്കിടയില്‍ ഫുട്ബോളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളയ്ക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായികസമ്പത്ത് മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്ണമെന്റിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കള്‍ക്കിടയില്‍ ടൂര്‍ണമെന്റിന് വലിയ പ്രചോദനവും ഊര്‍ജവും പകരുമെന്ന് സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ ലീഗ് കായികകേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിന്റെ സാന്നിധ്യം ലീഗിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ ലീഗിന്റെ ഭാഗമാകാന്‍ ഇതു പ്രചോദനമാകുമെന്നും സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറു ടീമുകളാണ് ആദ്യ സീസണില്‍ മാറ്റുരയ്ക്കുക. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് കൊച്ചി എഫ്സി ടീമിന്റെ സഹഉടമകള്‍.