ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഇന്ന് രാത്രി എട്ടിന്
Thursday, June 27, 2024 12:36 AM IST
ജോർജ്ടൗണ് (ഗയാന): നെഞ്ചിൽ പകയുടെ നെരിപ്പോടുമായി ഇന്ത്യൻ ടീം ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ന് ഇംഗ്ലണ്ടിനെതിരേ.
2022 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനു പരാജയപ്പെട്ടതിന്റെ പകവീട്ടാനാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ചരിത്രം കാത്തുവച്ചതുപോലെ രണ്ട് വർഷത്തിനിപ്പുറം സെമി പോരാട്ടത്തിൽ ഇരുടീമും വീണ്ടും നേർക്കുനേർ.
ഗയാനയിലെ ജോർജ്ടൗണിലുള്ള പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. 90 ശതമാനം മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ റെയിൻ റെയിൻ ഗോ എവേ, ഇന്ത്യ വാണ്ട്സ് ടു പ്ലേ എന്ന ഈരടിയാണ് ക്രിക്കറ്റ് ആരാധകരുടെ നാവിൻതുന്പിൽ...
അതേസമയം, മഴയെത്തുടർന്ന് മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും എന്നതും മറ്റൊരു വസ്തുത.
►കോഹ്ലി, രോഹിത് ◄
2022 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനു പരാജയപ്പെട്ടശേഷം വിരാട് കോഹ്ലിയും രോഹിത് ശർമയും ദേശീയ ട്വന്റി-20 ക്രിക്കറ്റിൽ വനവാസത്തിലായിരുന്നു. 2024 ലോകകപ്പിനു മുന്നോടിയായി ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരന്പരയിലൂടെയാണ് ഇരുവരും തിരിച്ചെത്തിയത്. 2024 ഐപിഎല്ലിൽ ശോഭിച്ചെങ്കിലും രാജ്യാന്തര വേദിയിൽ കോഹ്ലിക്ക് തിരിച്ചുവരവ് അത്ര സുഖകരമല്ല.
ഈ ലോകകപ്പിലെ ആറ് മത്സരങ്ങൾ ഉൾപ്പെടെ തിരിച്ചുവരവിൽ കോഹ്ലി കളിച്ചത് ആകെ എട്ട് ഇന്നിംഗ്സ്. അതിൽ മൂന്ന് തവണ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് പ്രാവശ്യം പൂജ്യത്തിനു പുറത്താകുകയും ചെയ്തു. 2022 ലോകകപ്പ് സെമിയിലെ തോൽവിക്കുശേഷം കോഹ്ലിയുടെ ഇന്നിംഗ്സുകൾ ഇങ്ങനെ: 29, 0, 1, 4, 0, 24, 37, 0.
മറുവശത്ത് രോഹിത് ശർമ തിരിച്ചുവരവിലും മികച്ച ബാറ്റിംഗാണ് കാഴ്ചവയ്ക്കുന്നത്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും തിരിച്ചുവരവിൽ രോഹിത് സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളിലും രോഹിത് കളിച്ചു. തിരിച്ചുവരവിൽ രോഹിത്തിന്റെ ഇന്നിംഗ്സ് ഇങ്ങനെ: 0, 0, 121*, 52*, 13, 3, 8, 23, 92.
►ഇന്ത്യ x ഇംഗ്ലണ്ട് ◄
ഓപ്പണിംഗിൽ കോഹ്ലിയുടെ ഇടിഞ്ഞ ഫോമും മധ്യനിരയിൽ ശിവം ദുബെയുടെ മോശം ബാറ്റിംഗുമാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന വെല്ലുവിളികൾ. സെമിയിൽ എത്തിയിട്ടുപോലും ഈ രണ്ടു കാര്യങ്ങളിൽ പരിഹാരം കാണാനോ പകരക്കാരെ പരീക്ഷിക്കാനോ ടീം ഇന്ത്യക്കു സാധിച്ചിട്ടില്ല.
പേസർ ജോഫ്ര ആർച്ചർ, സ്പിന്നർ ആദിൽ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്. ടൂർണമെന്റിൽ ഇരുവർക്കും ഇതുവരെ ഒന്‍പത് വിക്കറ്റ് വീതമുണ്ട്. ക്യാപ്റ്റൻ ജോസ് ബട്ലറും (191), ഫിൽ സാൽട്ടുമാണ് (183) ഇംഗ്ലണ്ടിന്റെ റണ്‍വേട്ടയിൽ മുന്നിൽ. ഇരുവർക്കും 159ൽ അധികം സ്ട്രൈക്ക് റേറ്റും ഉണ്ട്.
15 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും 11 വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുമാണ് ഇന്ത്യൻ പേസ് ആക്രമണം നയിക്കുന്നത്. എട്ട് വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ, ഏഴ് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് എന്നിവരും ഇന്ത്യൻ ബൗളിംഗിനു കരുത്തേകുന്നു. ക്യാപ്റ്റൻ രോഹിത് ശർമയാണ് (191) ഇന്ത്യൻ റണ്‍ വേട്ടയിൽ ഒന്നാമത്. ഋഷഭ് പന്ത് (167), സൂര്യകുമാർ യാദവ് (149) എന്നിവരും ആവശ്യസമയത്ത് ശോഭിച്ചിരുന്നു.
►ഇന്ത്യ 2-2 ഇംഗ്ലണ്ട് ◄
ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ നാല് തവണ ഏറ്റുമുട്ടി. രണ്ടു ജയം വീതം പങ്കിട്ടു. 2007ൽ ഇന്ത്യ ഇംഗ്ലണ്ടിനെ 18 റണ്‍സിനു തോൽപ്പിച്ചപ്പോൾ 2009ൽ ഇംഗ്ലണ്ട് മൂന്നു റണ്‍സ് ജയത്തോടെ പകരംവീട്ടി.
2012ൽ ഇന്ത്യ 90 റണ്‍സിനു വെന്നിക്കൊടി പാറിച്ചതിന് 2022ൽ ഇംഗ്ലണ്ട് 10 വിക്കറ്റ് ജയത്തോടെ മറുപടി നൽകി. ട്വന്റി-20 ക്രിക്കറ്റിൽ ആകെ ജയത്തിൽ ഇന്ത്യക്ക് 12-11ന്റെ മുൻതൂക്കമുണ്ട്.