മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
Thursday, June 27, 2024 12:36 AM IST
സെമി ഫൈനലിന് റിസർവ് ദിനം ഇല്ല. മഴയ്ക്ക് 90 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. മൂന്ന് ദിവസമായി ഗയാനയിൽ കനത്ത മഴയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഒരുപക്ഷേ, നടന്നേക്കില്ല.
അങ്ങനെയെങ്കിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. കാരണം, സൂപ്പർ എട്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത്. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. സൂപ്പർ രണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്.
മാത്രമല്ല, ലീഗ് റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതായപ്പോൾ ഇംഗ്ലണ്ട് ബിയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. റിസർവ് ദിനം ഇല്ലാത്തതിനാൽ എക്സ്ട്രാ 250 മിനിറ്റ് മത്സരത്തിനായി മാറ്റിവച്ചിട്ടുണ്ട്. അപ്പോഴും നടന്നില്ലെങ്കിൽ മാത്രമേ മത്സരം ഉപേക്ഷിക്കൂ.
അതേസമയം, ദക്ഷിണാഫ്രിക്ക x അഫ്ഗാനിസ്ഥാൻ ഒന്നാം സെമി ഫൈനൽ മഴയിൽ മുടങ്ങിയാൽ റിസർവ് ദിനത്തിലും മത്സരം തുടരും. ഒന്നാം സെമി ഫൈനലിന് നൽകിയിരിക്കുന്ന എക്സ്ട്രാ 250 മിനിറ്റിൽ 60 മിനിറ്റ് ആദ്യദിനവും ശേഷിക്കുന്ന 190 മിനിറ്റ് റിസർവ് ദിനത്തിലുമാണ്.
ഇന്ത്യൻ സമയം രാവിലെ 6.00നാണ് ആദ്യ സെമി. അതായത് സെമിക്ക് ആതിഥേയത്വം വഹിക്കുന്ന ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ സാൻ ഫെർണാണ്ടോയിലുള്ള ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ പ്രാദേശിക സമയം രാത്രി 8.30. ഇന്ത്യ x ഇംഗ്ലണ്ട് സെമി ഗയാനയിലെ പ്രാദേശിക സമയം രാവിലെ 10.30നാണ് (ഇന്ത്യൻ സമയം രാത്രി എട്ട്).
ഫലത്തിൽ ഇന്ത്യൻ സമയം അനുസരിച്ച് രണ്ട് സെമിയും, ആദ്യ സെമിയുടെ റിസർവ് മണിക്കൂറും ഇന്നാണ് അരങ്ങേറുക.