യൂറോയ്ക്കിടെ ബാജിയോയുടെ വീട്ടിൽ കൊള്ളക്കാർ
Saturday, June 22, 2024 12:27 AM IST
മ്യൂണിക്: യുവേഫ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ ഹെവിവെയ്റ്റ് പോരാട്ടമായിരുന്നു ഗെൽസെൻകിർചെനിൽ അരങ്ങേറിയ ഇറ്റലി x സ്പെയിൻ.
കടൽക്ഷോഭംകണക്ക് ആർത്തലച്ചെത്തിയ സ്പാനിഷ് ആക്രമണത്തിനു മുന്നിൽ ഇറ്റലിയുടെ പ്രതിരോധവും ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമയും കോട്ടകെട്ടി. 20 ഷോട്ടാണ് സ്പാനിഷ് താരങ്ങൾ ഇറ്റാലിയൻ ഗോൾമുഖത്തേക്ക് തൊടുത്തത്. അതിൽ ഒന്‍പത് എണ്ണവും ഷോട്ട് ഓണ്‍ ടാർഗറ്റ് ആയിരുന്നു.
വലകാക്കും ഭൂതമായി ഇറ്റാലിയൻ ക്യാപ്റ്റൻ ഡോണറുമ എട്ട് സേവുകളാണ് നടത്തിയത്. പക്ഷേ, റിക്കാർഡോ കാലഫിയോറിയുടെ 55-ാം മിനിറ്റിലെ സെൽഫ് ഗോളിൽ ഇറ്റലി 0-1നു തോൽവി സമ്മതിച്ചു.
ഗെൽസെൻകിർചെനിൽ സ്പാനിഷ് ആക്രമണത്തെ ഇറ്റാലിയൻ സംഘം ചെറുത്തുനിൽക്കുന്നതിനിടെ ഇറ്റലിയിൽ മറ്റൊരു സംഭവം അരങ്ങേറി. ഇറ്റലിയുടെ ഇതിഹാസ താരങ്ങളിൽ പ്രധാനിയായ റോബർട്ടോ ബാജിയോയുടെ വീട്ടിൽ കൊള്ളക്കാരുടെ ആക്രമണമുണ്ടായി.
ബാജിയോയും കുടുംബവും ഇറ്റലി x സ്പെയിൻ യൂറോ കപ്പ് പോരാട്ടം കണ്ടുകൊണ്ടിരിക്കുന്പോഴായിരുന്നു അഞ്ചംഗ കൊള്ളസംഘം വീട്ടിൽ കയറിയത്. കൊള്ളക്കാർക്കെതിരേ ചെറുത്തുനിൽപ്പിനുശ്രമിച്ച ബാജിയോയെ തോക്കുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയതായും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1994 ഫിഫ ലോകകപ്പ് ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തി ദുരന്തനായകനായ താരമാണ് ബാജിയൊ. ഇറ്റലിക്കുവേണ്ടി 56 മത്സരങ്ങളിൽ 27 ഗോൾ നേടി.