സ്റ്റാർ സാൾട്ട്
Friday, June 21, 2024 1:49 AM IST
സെന്റ് ലൂസിയ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ ഫിൽ സാൾട്ടിന്റെ അർധസെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ടിന് വിജയമധുരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ 15 പന്ത് ബാക്കിനിൽക്കേ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ കീഴടക്കി. ഇതോടെ ലോകകപ്പിൽ വിൻഡീസിന്റെ അപരാജിത കുതിപ്പിനു വിരാമമായി. സ്കോർ: വെസ്റ്റ് ഇൻഡീസ് 180/4 (20). ഇംഗ്ലണ്ട് 181/2 (17.3).
47 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറും അടക്കം 87 റണ്‍സുമായി പുറത്താകാതെ നിന്ന ഫിൽ സാൾട്ടാണ് പ്ലെയർ ഓഫ് ദ മാച്ച്. ക്യാപ്റ്റൻ ജോസ് ബട്ലർ (22 പന്തിൽ 25), മൊയീൻ അലി (10 പന്തിൽ 13) എന്നിവരുടെ വിക്കറ്റുകളാണ് ചേസിംഗിനിടെ ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടത്. ജോണി ബെയർസ്റ്റൊ 26 പന്തിൽ രണ്ടു സിക്സും അഞ്ച് ഫോറും അടക്കം 48 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ വെസ്റ്റ് ഇൻഡീസിനുവേണ്ടി നിക്കോളാസ് പുരാൻ (32 പന്തിൽ 36), റോവ്മാൻ പവൽ (17 പന്തിൽ 36), ജോണ്സണ് ചാൾസ് (34 പന്തിൽ 38), ഷെർഫാൻ റൂർഥർഫോഡ് (15 പന്തിൽ 28 നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ വിയർത്തശേഷമാണ് ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ പ്രവേശിച്ചതെന്നതാണ് ശ്രദ്ധേയം. അതേസമയം, ട്വന്റി-20യിൽ തുടർച്ചയായ ഒന്‍പതു ജയത്തിനുശേഷമാണ് വിൻഡീസ് തോൽവി വഴങ്ങുന്നത്.