ത്രിവർണപ്പകിട്ട്
Wednesday, June 19, 2024 12:22 AM IST
മ്യൂണിക്: യൂറോ കപ്പിൽ ത്രിവർണപ്പകിട്ട്. യൂറോ കപ്പ് പോരാട്ടവേദിയിൽ രണ്ടാമത്തെ ജയം കുറിച്ച് ദ ട്രൈകളേഴ്സ് എന്നറിയപ്പെടുന്ന റൊമാനിയ ആർത്തുല്ലസിച്ചു. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ റൊമാനിയ 3-0ന് യുക്രെയ്നെ തകർത്തു.
യൂറോ കപ്പ് ഫുട്ബോൾ ചരിത്രത്തിൽ റൊമാനിയയുടെ രണ്ടാം ജയം മാത്രമാണിത്. 2000നുശേഷം ആദ്യത്തേതും. നീണ്ട 24 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് റൊമാനിയയക്ക് യൂറോയിലെ രണ്ടാം ജയം സ്വന്തമാക്കാൻ സാധിച്ചത് എന്നതാണ് ശ്രദ്ധേയം.
2000 യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെ 3-2ന് കീഴടക്കിയതായിരുന്നു റൊമാനിയയുടെ ഇതുവരെയുള്ള ഏക ജയം. 2024 ഗ്രൂപ്പ് ഘട്ടത്തിൽ യുക്രെയ്ന് എതിരായതുൾപ്പെടെ 17 മത്സരങ്ങൾ റൊമാനിയ കളിച്ചു. രണ്ട് ജയം, അഞ്ച് സമനില, 10 തോൽവി എന്നതാണ് റൊമാനിയയുടെ ഇതുവരെയുള്ള യൂറോ കപ്പ് പ്രകടനം.
നിക്കോളേ സ്റ്റാൻസിയു (29’), റസ്വാൻ മാരിൻ (53’), ഡെനിസ് ഡ്രാഗസ് (57’) എന്നിവരാണ് യുക്രെയ്നെതിരേ റൊമാനിയയ്ക്കുവേണ്ടി വലകുലുക്കിയത്. ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കാനും റൊമാനിയയ്ക്കു സാധിച്ചു.
2000 യൂറോയിൽ ക്വാർട്ടറിൽ പ്രവേശിച്ചതാണ് ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ റൊമാനിയയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ബെൽജിയമാണ് ഗ്രൂപ്പിൽ റൊമാനിയയുടെ അടുത്ത എതിരാളി.