സ്വീറ്റ് സ്വിസ്
Sunday, June 16, 2024 12:53 AM IST
കൊളോണ്‍: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ സ്വിറ്റ്സർലൻഡിന് ജയത്തുടക്കം. 3-1ന് ഹംഗറിയെ അവർ തോൽപ്പിച്ചു. ആദ്യപകുതിയിൽ തന്നെ സ്വിറ്റ്സർലൻഡ് രണ്ടു ഗോളിനു മുന്നിലെത്തി.
12-ാം മിനിറ്റിൽ ക്വാഡോ ദുവയുടെ ഗോളിനു വഴിയൊരുക്കിയ മിഷേൽ എബിഷർ 45-ാം മിനിറ്റിൽ ഗോൾ നേടി. ബ്രീൽ എംബോളോ (90+3’) സ്വിറ്റ്സർലൻഡിന്റെ മൂന്നാം ഗോൾ വലയിലാക്കി. ബർണബാസ് വർഗാസ് (66’) ഹംഗറിക്കായി തിരിച്ചടിച്ചു.
12-ാം മിനിറ്റിലെ സ്വിസ് ഗോളിന് ലൈൻ റഫറി ഓഫ് സൈഡ് ഫ്ളാഗ് ഉയർത്തി. എന്നാൽ, വിഎആർ പരിശോധനയിൽ ഓഫ് സൈഡ് അല്ലെന്നു വ്യക്തമായി. ഇടവേളയ്ക്കു പിരിയും സ്വിറ്റ്സർലൻഡ് ലീഡ് ഉയർത്തി.
ഒരു ഗോൾ മടക്കി രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ഹംഗറി ശ്രമിച്ചു. എന്നാൽ, ഹംഗറിയുടെ സാധ്യതകളെല്ലാം അടച്ച് ഇഞ്ചുറി ടൈമിൽ എംബോളോ സ്വിസ് ജയം ഉറപ്പാക്കി.