യമാൽ മുസിയാല & ഫ്ളോറിയൻ വിറ്റ്സ് വിസ്മയത്തുന്പത്ത്
Sunday, June 16, 2024 12:53 AM IST
മ്യൂണിക്: ടോണി ക്രൂസ് വിരമിച്ചാൽ കുലുക്കം തട്ടുന്നതല്ല, ഈ യുവജർമനിയെന്ന് ഫുട്ബോൾ ലോകം കണ്ടറിഞ്ഞു. ഫുട്ബോൾ ആരാധകരെ വിസ്മയത്തുന്പത്തെത്തിച്ച് യമാൽ മുസിയാലയും ഫ്ളോറിയൻ വിറ്റ്സും ജർമൻ ആകാശത്ത് ഉദിച്ചുയർന്നു. അതോടെ 2024 യുവേഫ യൂറോ കപ്പ് ഉദ്ഘാടനത്തിൽ ആതിഥേയരായ ജർമൻ സംഘം 5-1ന് സ്കോട്ലൻഡിനെ തകർത്തു.
എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരുടെ പട്ടികയിൽ ഇടം നേടിയ ടോണി ക്രൂസിന്റെ അവസാന ടൂർണമെന്റാണ് യൂറോ 2024. ടോണി പോയാലും ക്രൂസ് മിസൈലുകൾ പലത് താവളത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു യർഗൻ നഗെൽസ്മാന്റെ ജർമൻ ടീം. തോമസ് മ്യുള്ളർ, ലെറോയ് സനെ, എംറെ കാൻ, നിക്ലാസ് ഫുൾകർഗ് എന്നിവരെയെല്ലാം സൈഡ് ബെഞ്ചിൽ ഇരുത്തണമെങ്കിൽ ജർമനിയുടെ സ്റ്റാർട്ടിംഗ് ഇലവൻ എത്രമാത്രം കരുത്തുറ്റതായിരിക്കും.
യമാൻ മുസിയാല, കയ് ഹവേർറ്റ്സ്, ഫ്ളോറിയൻ വിറ്റ്സ്, ഐകെ ഗുണ്ടോഗൻ, യോഷ്വ കിമ്മിച്ച്, അന്റോണിയോ റൂഡിഗർ, റോബർട്ട് ആൻഡ്രിച്ച് എന്നിങ്ങനെയുള്ളവരായിരുന്നു സ്റ്റാർട്ടിംഗ് ഇലവനിൽ. ഏകപക്ഷീയ ജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്റുമായി ജർമനി യൂറോ 2024 കിരീടപോരാട്ടത്തിനു തുടക്കമിട്ടു.
വാട്ട് എ ബ്യൂട്ടി
പത്താം നന്പർ ജഴ്സിയുമായി എതിർ ഫൈനൽ തേർഡിൽ ഡ്രിബ്ബിൾ ചെയ്തു മുന്നേറുന്ന യമാൽ മുസിയാലയുടെ ടച്ചിംഗിന്റെ ബ്യൂട്ടി കാൽപ്പന്ത് ആരാധകർ കണ്ണിമചിമ്മാതെ കണ്ടിരുന്നു.
74-ാം മിനിറ്റിൽ തോമസ് മ്യൂള്ളറിനു വഴിമാറി മൈതാനം വിടുന്പോഴേക്കും അഞ്ച് തവണ ടെയ്ക് ഓണ്സ് മുസിയാല നടത്തിയിരുന്നു. അതിൽ നാലും ആദ്യ പകുതിയിലായിരുന്നു എന്നതാണ് ശ്രദ്ധേയം.
വിറ്റ്സും (10’), മുസിയാലയുമായിരുന്നു (19’) ജർമനിയുടെ ആദ്യ രണ്ട് ഗോൾ സ്വന്തമാക്കിയത്. യൂറോ കപ്പ് ചരിത്രത്തിൽ 21 വയസ് മാത്രമുള്ള രണ്ടു കളിക്കാർ ഒരു ടീമിനുവേണ്ടി ഒന്നിച്ച് സ്കോർ ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമാണ്. 21 വയസും 42 ദിനവും മാത്രം പ്രായമുള്ള വിറ്റ്സ്, യൂറോ കപ്പിൽ ജർമനിയുടെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരനും യൂറോ ഉദ്ഘടനചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേട്ടക്കാരനുമായി.
ഹവേർറ്റ്സ് (45+1’ പെനാൽറ്റി), നിക്ലാസ് ഫുൾകർഗ് (68’), എംറെ കാൻ (90+3’) എന്നിവരും ജർമനിക്കുവേണ്ടി ഗോൾ സ്വന്തമാക്കി.