ഓ, ജോക്കോ...
Monday, June 3, 2024 3:24 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചരിത്രത്തിൽ ഏറ്റവും താമസിച്ച് അവസാനിച്ച മത്സരം എന്ന റിക്കാർഡ് ഇനി സെർബിയയുടെ നൊവാക് ജോക്കോവിച്ചിനു സ്വന്തം. മൂന്നാം റൗണ്ടിൽ ഇറ്റലിയുടെ ഇരുപത്തിരണ്ടുകാരനായ ലോറെൻസോ മുസെറ്റിയുമായി നാലര മണിക്കൂർ നീണ്ട പോരാട്ടത്തിലായിരുന്നു ജോക്കോവിച്ച് ജയം നേടിയത്.
ഈ മത്സരം അവസാനിച്ചത് പുലർച്ചെ മൂന്നിനും. 7-5, 6-7(6-8), 2-6, 6-3, 6-0ന് ജയം സ്വന്തമാക്കിയ ജോക്കോവിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസിൽ നോർവെയുടെ കാസ്പർ റൂഡ്, സ്പെയിനിന്റെ കാർലോസ് അൽകരാസ്, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരും പ്രീക്വാർട്ടറിൽ ഇടംനേടി.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മഹേഷ് ഭൂപതി-ഓസ്ട്രേലിയയുടെ മാത്യു എബ്ഡെൻ സഖ്യം രണ്ടാം റൗണ്ടിൽ.
369; റിക്കാർഡ്
ഓപ്പണ്‍ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് ജയം എന്ന റിക്കാർഡിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററിന് (369) ഒപ്പവും ഇതോടെ ജോക്കോവിച്ച് എത്തി.
വനിതാ സിംഗിൾസിൽ നിലവിലെ ജേതാവും ലോക ഒന്നാം നന്പർ താരവുമായി പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ക്വാർട്ടറിൽ. റഷ്യയുടെ അനസ്തസ്യ പൊട്ടപോവയെ 6-0-, 6-0ന് കീഴടക്കിയായിരുന്നു ഷ്യാങ്ടെക്കിന്റെ മുന്നേറ്റം. ഓപ്പണ്‍ കാലഘട്ടത്തിൽ റോളങ്ഗാരോസിൽ തുടർച്ചയായ രണ്ട് വർഷം 6-0, 6-0 എന്ന സ്കോറിൽ ജയം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം താരമാണ് ഇഗ.