റുബ്ലെവിനെ അട്ടിമറിച്ചു
Saturday, June 1, 2024 1:57 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ആദ്യ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ ആറാം സീഡായ റഷ്യയുടെ ആന്ദ്രെ റുബ്ലെവ് മൂന്നാം റൗണ്ടില്‍ പുറത്ത്. ഇറ്റലിയുടെ സീഡില്ലാത്ത മാത്യാവു അര്നാള്ഡിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റുബ്ലെവ് പരാജയപ്പെട്ടത്.
അതേസമയം, രണ്ടാം സീഡായ ഇറ്റലിയുടെ യാനിക് സിന്നര്‍ ഏകപക്ഷീയ ജയത്തോടെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യയുടെ പവേല്‍ കൊറ്റോവിനെയാണ് സിന്നര്‍ മൂന്നാം റൗണ്ടില്‍ കീഴടക്കിയത്.
സ്കോര്‍: 6-4, 6-4, 6-4. രണ്ടാം റൗണ്ടില്‍ സ്റ്റാന്‍ വാവ്റിങ്കയെ കീഴടക്കിയായിരുന്നു കൊറ്റോവ് മൂന്നാം റൗണ്ടില്‍ എത്തിയത്.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ കൊക്കൊ ഗഫ്, ടുണീഷ്യയുടെ ഒണ്‍സ് ജബേര്‍ എന്നിവര്‍ മൂന്നാം റൗണ്ടില്‍ ജയം നേടി. അതേസമയം, അമേരിക്കയുടെ സോഫിയ കെനിന് മൂന്നാം റൗണ്ടില്‍ പുറത്തായി.