ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പോരാട്ടം ഇന്നു മുതൽ
Sunday, May 26, 2024 12:50 AM IST
പാരീസ്: സീസണിലെ ഏക കളിമണ്‍ കോർട്ട് ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന് ഇന്ന് തുടക്കം. പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും വനിതാ സിംഗിൾസിൽ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കും കിരീടം നിലനിർത്താനായാണ് കോർട്ടിൽ ഇറങ്ങുന്നത്.
പുരുഷ സിംഗിൾസിൽ ഇറ്റലിയുടെ യാനിക് സിന്നർ, സ്പെയിനിന്റെ കാർലോസ് അൽകരാസ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, റഷ്യയുടെ ഡാനിൽ മെദ്വദേവ് തുടങ്ങി 14 തവണ ചാന്പ്യനായ സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ വരെ ജോക്കോവിച്ചിന്റെ കിരീടത്തിന് വെല്ലുവിളിയായി പോരാട്ട രംഗത്തുണ്ട്.
ബെലാറൂസിന്റെ അരീന സബലെങ്ക, അമേരിക്കയുടെ കൊക്കൊ ഗഫ്, കസാക്കിസ്ഥാന്റെ എലെന റെബാകിന തുടങ്ങിയവരാണ് ഷ്യാങ്ടെക്കിന്റെ കിരീടത്തിന് വെല്ലുവിളി.
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ മത്സരങ്ങൾ ആരംഭിക്കും.
സ്വരേവ് x നദാൽ
പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടം നാലാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവും ഫ്രഞ്ച് ഓപ്പണ്‍ റിക്കാർഡ് പ്രാവശ്യം നേടിയ റാഫേൽ നദാലും തമ്മിലാണ്. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് സ്വരേവ് x നദാൽ പോരാട്ടം. സീഡില്ലാതെയാണ് 276-ാം റാങ്കുകാരനായ നദാൽ ഫ്രഞ്ച് ഓപ്പണിനെത്തുന്നത്. 2023 ഓസ്ട്രേലിയൻ ഓപ്പണിനിടെ പരിക്കേറ്റ നദാൽ ഗ്രാൻസ്ലാം വേദിയിലെത്തുകയാണെന്നതും ശ്രദ്ധേയം.
സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയും ബ്രിട്ടന്റെ ആൻഡി മുറെയും തമ്മിലാണ് ആദ്യ റൗണ്ടിൽ മറ്റൊരു വന്പൻ പോരാട്ടം. ഇന്ന് രാത്രി 11.45നാണ് ഈ മത്സരം. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സുമിത് നാഗൽ ആദ്യ റൗണ്ടിൽ നാളെ ഉച്ചകഴിഞ്ഞ് 3.30ന് റഷ്യയുടെ ഖാച്ചനോവിനെ നേരിടും.
ഇന്ന് കാർലോസ് അൽകരാസ്, ആന്ദ്രെ റുബ്ലെവ് എന്നിവർ പുരുഷ സിംഗിൾസിലും നവോമി ഒസാക്ക വനിതാ സിംഗിൾസിലും കോർട്ടിലെത്തും.