ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
Tuesday, May 14, 2024 1:56 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ പോയിന്റ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്തി. എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഗണ്ണേഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
37 മത്സരങ്ങളിൽനിന്ന് 86 പോയിന്റാണ് ആഴ്സണലിന്. 36 മത്സരങ്ങളിൽനിന്ന് 85 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. സിറ്റിക്ക് രണ്ടും ആഴ്സണലിന് ഒരു മത്സരവുമാണ് ലീഗിൽ ബാക്കിയുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ 20-ാം മിനിറ്റിൽ ലിയാൻഡ്രൊ ട്രോസാർഡാണ് ആഴ്സണലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ ഇരട്ട ജയം നേടാൻ ആഴ്സണലിനു സാധിച്ചു. 1998നുശേഷം ആദ്യമായാണ് സീസണിൽ യുണൈറ്റഡിനെതിരേ ഡബിൾ തികയ്ക്കാൻ ഗണ്ണേഴ്സിനു സാധിച്ചത്.