ക്യാപിറ്റൽ ജയം
Wednesday, May 8, 2024 1:06 AM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനു 20 റണ്‍സ് ജയം. 222 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാൻ റോയൽസിന്റെ പോരാട്ടം 20 ഓവറിൽ എട്ടു വിക്കറ്റിന് 201 റണ്‍സിൽ അവസാനിച്ചു. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ജേക് ഫ്രേസർ മാക്ഗുർക് (20 പന്തിൽ 50) അഭിഷേക് പോറൽ (36 പന്തിൽ 65), ട്രിസ്റ്റൻ സ്റ്റബ്സ് (20 പന്തിൽ 41) എന്നിവരുടെ മികവിൽ ക്യാപിറ്റൽസ് 20 ഓവറിൽ ഏഴു വിക്കറ്റിന് 221 റണ്‍സ് നേടി.
46 പന്തിൽ 86 റണ്‍സ് നേടിയ നായകൻ സഞ്ജു സാംസണ് പുറത്താകുന്നതുവരെ രാജസ്ഥാൻ വിജയപ്രതീക്ഷ നിലനിർത്തി. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ വീണതും അവസാന ഓവറുകളിൽ ബൗളർമാർ റണ്‍സ് വഴങ്ങാൻ പിശുക്കും കാട്ടിയതോടെ രാജസ്ഥാൻ പരാജയത്തിലേക്കു പതിച്ചു.
ആദ്യ ഓവറിൽതന്നെ രാജസ്ഥാന് യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു. റിയാൻ പെരാഗ് (27), ശുഭം ദുബെ (25) എന്നിവർക്കൊപ്പം സഞ്ജു നടത്തിയ പോരാട്ടമാണ് രാജസ്ഥാൻ ജയത്തിനടുത്തെത്തിച്ചത്. എട്ടു ഫോറും ആറു സിക്സും നേടിയ സഞ്ജുവിനെ മുകേഷ് കുമാർ ബൗണ്ടറി ലൈനരുകിൽ ഷായി ഹോപ്പിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
സഞ്ജുവിന്റെ ഫീൽഡ് ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നും വിധത്തിലുള്ള ബാറ്റിംഗ് പ്രകടനമാണ് ഡൽഹി ഓപ്പണർമാരായ ജേക് ഫ്രേസർ മാക്ഗുർകും അഭിഷേക് പോറലും പുറത്തെടുത്തത്. പോറെലിനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി മാക്ഗുർക് അടിച്ചു തകർക്കുകായിരുന്നു. നാലാം ഓവറിൽ പന്തെറിയാനെത്തിയ ആവേശ് ഖാനെ നാലു ഫോറും രണ്ടു സിക്സും പറത്തി ഓസ്ട്രേലിയൻ ബാറ്റർ 28 റണ്‍സാണ് അടിച്ചെടുത്തത്. 19 പന്തിൽ താരം അർധ സെഞ്ചുറിയും തികച്ചു.
26 പന്തിൽ 60 റണ്‍സാണ് ഓപ്പണിംഗ് സഖ്യം നേടിയത്. ഈ സഖ്യം പൊളിക്കാൻ സഞ്ജു പന്ത് അശ്വിനെ ഏൽപ്പിച്ചു.അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ ഏഴു ഫോറും മൂന്നു സിക്സും പറത്തിയ മാക്ഗുർക് പുറത്തായി.
അടുത്ത ഓവറിൽ ഷായി ഹോപ്പും (ഒന്ന്) വീണു. സ്ഥാനക്കയറ്റം നേടിയെത്തിയ അക്ഷർ പട്ടേൽ, പോറെലുമായി ചേർന്ന് സ്കോർ ഉയർത്തി. 42 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ പിറന്നത്. പട്ടേലിനെ (15) അശ്വിൻ പുറത്താക്കി.
ഋഷഭ് പന്തിനൊപ്പം മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കും മുന്‍പ് പോറെലിനെയും നഷ്ടമായി. വൈകാതെ പന്തും (15) പുറത്തായി. സ്റ്റബ്സിനു കൂട്ടായി ഗുൽബാദിൻ നയ്ബ് ചേർന്നതോടെയാണ് വീണ്ടും ഡൽഹിയുടെ സ്കോറിംഗിനു ഉണർവുണ്ടായി.അവസാന ഓവറിന്റെ മൂന്നാം പന്തിൽ സ്റ്റബ്സിനെ സന്ദീപ് ശർമ വിക്കറ്റിനു മുന്നിൽ കുരുക്കി.
മൂന്നു ഫോറും അത്രതന്നെ സിക്സുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ നേടിയത്. അശ്വിൻ മൂന്നും ബോൾട്ട്, ചഹൽ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.