പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ
Tuesday, May 7, 2024 1:14 AM IST
നാസോ (ബഹാമസ്): 2024 പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ. ഇന്ത്യയുടെ പുരുഷ-വനിതാ 4 x 400 മീറ്റർ റിലേ ടീം പാരീസ് ഒളിന്പിക്സ് യോഗ്യത നേടിയതോടെയാണിത്. പുരുഷ റിലേ ടീമിൽ മൂന്ന് മലയാളികൾ ഉണ്ട്.
പുരുഷ ലോംഗ്ജംപിൽ യോഗ്യത നേടിയ എം. ശ്രീശങ്കർ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒളിന്പിക്സിൽനിന്ന് പിന്മാറിയിരുന്നു. അതോടെ പാരീസ് ഒളിന്പിക്സിനുള്ള മലയാളി സാന്നിധ്യത്തിൽ കുറവുണ്ടായി. ഈ കുറവ് നികത്തിയാണ് 4 x 400 മീറ്റർ പുരുഷ റിലേയിലൂടെ മൂന്ന് മലയാളികൾ പാരീസ് ടിക്കറ്റ് എടുത്തത്.
മുഹമ്മദ് അനസ് യാഹിയ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നീ മലയാളികൾക്ക് ഒപ്പം തമിഴ്നായ് സ്വദേശിയായ ആരോക്യ രാജീവും അടങ്ങുന്ന ഇന്ത്യൻ റിലേ ടീമാണ് ഒളിന്പിക് യോഗ്യത സ്വന്തമാക്കിയത്.
ഇതോടെ പാരീസ് ഒളിന്പിക്സിന് യോഗ്യത സ്വന്തമാക്കിയ മലയാളികളുടെ എണ്ണം നാല് ആയി. പുരുഷ ബാഡ്മിന്റണ് താരം എച്ച്.എസ്. പ്രണോയ് ആണ് യോഗ്യത നേടിയ മറ്റൊരു മലയാളി താരം. എം. ശ്രീശങ്കർ, ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് എന്നിവരെ കൂട്ടാതെ ഇതുവരെയുള്ള കണക്കാണിത്. ശ്രീശങ്കർ പാരീസിൽ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒളിന്പിക്സിനുള്ള ഹോക്കി ടീമിനെ പ്രഖ്യാപിച്ചാൽ മാത്രമേ കൊച്ചിക്കാരനായ ശ്രീജേഷ് ഉണ്ടാകുമോ എന്ന് വ്യക്തമാകൂ.
നിലവിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഒന്നാം നന്പർ ഗോൾ കീപ്പറാണ് ശ്രീജേഷ്. അതുകൊണ്ടുതന്നെ ഒളിന്പിക്സ് ടീമിൽ ശ്രീജേഷ് ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പിക്കാം.
4 x 400 റിലേ
ബഹാമസിലെ നാസോയിൽ നടന്ന ലോക അത്ലറ്റിക്സ് റിലേ രണ്ടാം ഹീറ്റ്സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ പുരുഷ-വനിതാ ടീം ഒളിന്പിക്സ് യോഗ്യത നേടിയത്. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 3:03.23 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു. 2:59.95 സെക്കൻഡിൽ റിലേ പൂർത്തിയാക്കിയ യുഎസ്എ ഇന്ത്യക്കു മുന്നിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടാം റൗണ്ട് ഹീറ്റ്സിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകളാണ് പാരീസ് ഒളിന്പിക്സിനുള്ള യോഗ്യത നേടുന്നത്.
രൂപൽ ചൗധരി, എം.ആർ. പൂവമ്മ, ജ്യോതിക ശ്രീ, ശുഭ വെങ്കിടേഷൻ എന്നിവരായിരുന്നു വനിതാ 4 x 400 മീറ്റർ റിലേയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിന്പിക്സ് യോഗ്യത നേടിയത്.
3:29.35 സെക്കൻഡിൽ ഇന്ത്യൻ ടീം ഫിനിഷിംഗ് ലൈൻ കടന്നു. ഏഷ്യൻ റിലേ റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്ന പുരുഷ ടീം ഒളിന്പിക്സ് യോഗ്യത നേടുമെന്നത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, വനിതാ ടീമും യോഗ്യത നേടിയത് സർപ്രൈസ് എൻട്രിയായി.
കൊല്ലം നിലമേൽ സ്വദേശിയാണ് അനസ്. പാലക്കാടുകാരനാണ് അജ്മൽ. കോട്ടയം രാമപുരത്ത് വേരുകളുള്ള ഡൽഹി മലയാളിയാണ് അമോജ്.
ബുഡാപെസ്റ്റിൽ നടന്ന 2023 ലോക ചാന്പ്യൻഷിപ്പിൽ ഇവരടങ്ങിയ ഇന്ത്യൻ ടീം കുറിച്ച 2:59.05 സെക്കൻഡാണ് നിലവിലെ ഏഷ്യൻ റിക്കാർഡ്.