സുവർണനേട്ടത്തിന്റെ മധുരസ്മരണയിൽ അഞ്ചുപതിറ്റാണ്ടിനിപ്പുറം അവർ ഒത്തുകൂടി
Wednesday, May 1, 2024 2:07 AM IST
സെബി മാളിയേക്കൽ
കോൽക്കത്ത: ഏഷ്യൻ യൂത്ത് ഫുട്ബോൾ കിരീടമെന്ന സുവർണനേട്ടത്തിന്റെ മധുരസ്മരണകൾ അയവിറക്കാൻ അഞ്ചുപതിറ്റാണ്ടിനിപ്പുറം അവർ വീണ്ടും ഒത്തുകൂടി. നീണ്ട ഇടവേളയ്ക്കുശേഷമുള്ള കൂടിക്കാഴ്ചയിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു. ചിലരുടെ മുഖത്ത് അദ്ഭുതം.
18 അംഗ ടീമിൽ എട്ടു പേർ ഓർമയായിക്കഴിഞ്ഞു. ബാക്കിയുള്ള പത്തുപേരിൽ അമിത് ദാസ് ഗുപ്ത എവിടെയെന്നു കണ്ടെത്താനായില്ല.
ഒന്പതുപേരിൽ കാലിനു പരിക്കേറ്റ തബൻ ബോസ്, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരുൺ ഘോഷ് എന്നിവർക്ക് എത്താനായില്ല. കഴിഞ്ഞ മൂന്നുതവണയായി ഹൗറയിൽനിന്നുള്ള തൃണമൂൽ എംപിയായ പ്രസൂൺ ബാനർജി ബംഗാളിൽ ഇലക്ഷൻ തിരക്കിലായതിനാൽ എത്തിയില്ല. ബാക്കിയുള്ളവർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കൊൽക്കത്ത ഹിന്ദുസ്ഥാൻ ഇന്റർനാഷണൽ ഹോട്ടലിൽ ഒരുക്കിയ സുവർണജൂബിലി ആഘോഷത്തിൽ പങ്കെടുത്തു.
ക്യാപ്റ്റൻ ഷബീർ അലി, മലയാളികളുടെ അഭിമാനമായ സി.സി. ജേക്കബ്, എസ്.പി. കുമാർ, ദിലീപ് പാലിത്ത്, ഷിഷിർ ഗുഹ ദസ്തിദാർ, രഞ്ജിത്ത് ദാസ് എന്നിവരാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേയിൽനിന്നു മെമന്റോ ഏറ്റുവാങ്ങിയത്.
“മെമന്റോ ഏറ്റുവാങ്ങുന്ന നിമിഷം സ്റ്റേജിലെ ബാക്ക് ഡ്രോപ്പിൽ എന്റെ തൊട്ടരികിൽ ദേവാനന്ദിന്റെ ചിത്രം തെളിഞ്ഞപ്പോൾ ഞാൻ വല്ലാത്തൊരു അവസ്ഥയിലായി. വളരെ ആകസ്മികമായാണ് അതു സംഭവിച്ചതെങ്കിലും എന്റെ കണ്ണുനിറഞ്ഞു. അത്രയ്ക്ക് ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഒരുപക്ഷേ, അവൻ മുകളിലിരുന്ന് ഈ അതുല്യനിമിഷം കണ്ടുകാണും.’’ - സി.സി. ജേക്കബ് പറഞ്ഞു.