മുംബൈ സിറ്റി ഫൈനലിൽ
Tuesday, April 30, 2024 1:40 AM IST
മുംബൈ: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ മുംബൈ സിറ്റി എഫ്സി-മോഹൻബഗാൻ സൂപ്പർ ജയന്റ്സ് ഫൈനൽ.
ഗോവയ്ക്കെതിരേ രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയത്തോടെയാണ് മുംബൈ സിറ്റി ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ജോർജ് പെരേര ഡിയസ് (69’), ലാലിയൻസുല ചാങ്തെ (83’) എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മുംബൈ സിറ്റി 5-2ന്റെ തകർപ്പൻ ജയം നേടി.
ആദ്യപാദത്തിൽ 90 മിനിറ്റ് വരെ രണ്ടു ഗോളിനു പിന്നിൽ നിന്ന മുംബൈ സിറ്റി മൂന്നു ഗോൾ തിരിച്ചടിച്ചാണ് ജയിച്ചത്. നാലിന് കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മോഹൻ ബഗാൻ-മുംബൈ സിറ്റി ഫൈനൽ.
രണ്ടാംപാദത്തിൽ വൻ ജയം പ്രതീക്ഷിച്ചെത്തിയ എഫ്സി ഗോവയെ ശക്തമായ പ്രതിരോധത്തിലൂടെ പൂട്ടിയ മുംബൈ മികച്ച ആക്രമണത്തിലൂടെ തുടക്കം മുതൽ സമ്മർദമുയർത്തി. എന്നാൽ ഗോൾ നേടാനായില്ല. ആദ്യപകുതി ഗോൾരഹിതമായിരുന്നു.
രണ്ടാംപകുതയിൽ 69-ാം മിനിറ്റിൽ ഒരു കോർണറിൽനിന്ന് വന്ന പന്ത് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഡിയസ് വലയിലാക്കി. 83-ാം മിനിറ്റിൽ മുംബൈയുടെ മിന്നുന്ന നീക്കത്തിലൂടെ ചാങ്തെ വിജയം ഉറപ്പിച്ച ഗോൾ നേടി.