ലിവർപൂളിനു തിരിച്ചടി; സമനില
Sunday, April 28, 2024 12:54 AM IST
ലണ്ടൻ: ലിവർപൂളിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടമോഹങ്ങൾക്കു വീണ്ടും തിരിച്ചടി. ലിവർപൂളിന് വെസ്റ്റ് ഹാം യുണൈറ്റഡിനോട് എവേ മത്സരം 2-2ന് സമനിലയിൽ പിരിയേണ്ടിവന്നു. 35 കളിയിൽ 75 പോയിന്റുമായി ലിവർപൂൾ മൂന്നാം സ്ഥാനത്താണ്.
മൂന്നു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ലിവർപൂളിനെ ഞെട്ടിച്ച് ജറോദ് ബൊവൻ (43’) വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ആൻഡി റോബർട്സണ് (48’) ലിവർപൂളിന് സമനില നല്കി.
65-ാം മിനിറ്റിൽ വെസ്റ്റ്ഹാം ഗോൾകീപ്പർ അൽഫോൻസ് അരേലോ വരുത്തിയ ഓണ്ഗോളിൽ ലിവർപൂൾ മുന്നിലെത്തി. എന്നാൽ 77-ാം മിനിറ്റിൽ മൈക്കിൾ അന്റോണിയോ ലിവർപൂളിന്റെ പ്രതീക്ഷകൾ തകർത്ത് സമനില കണ്ടെത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡ്-ബേൺലി മത്സരം 1-1ന് സമനിലയായി. മുന്നിൽനിന്നശേഷമാണ് യുണൈറ്റഡ് ഗോൾ വഴങ്ങിയത്. ന്യൂകാസിൽ യുണൈറ്റഡ് 5-1ന് ഷെഫീൽഡ് യുണൈറ്റഡിനെ തോല്പിച്ചു.