ഭു​വ​നേ​ശ്വ​ർ: കി​രീ​ടം ഇ​ല്ലാ​ത്ത നാ​ണ​ക്കേ​ടു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി പ​ത്താം സീ​സ​ണി​ലെ പോ​രാ​ട്ട​വും അ​വ​സാ​നി​പ്പി​ച്ചു.

ഐ​എ​സ്എ​ൽ ഫുട്ബോൾ 2023-24 പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ ഒ​ഡീ​ഷ എ​ഫ്സി​യോ​ട് 2-1നു ​പ​രാ​ജ​യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്. കൊ​ന്പന്മാ​ർ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ബ്ലാ​സ്റ്റേ​ഴ്സ് അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

ഫെ​ഡോ​ർ ചെ​ർ​ണി​ച്ചി​ലൂ​ടെ (67’) ലീ​ഡ് നേ​ടി​യ ബ്ലാ​സ്റ്റേ​ഴ്സി​നെ ഡി​ഗോ മൗ​റീ​ഷ്യോ​യി​ലൂ​ടെ (87’) നി​ശ്ചി​ത സ​മ​യ​ത്ത് ഒ​ഡീ​ഷ സ​മ​നി​ല​യി​ൽ പി​ടി​ച്ചു. തു​ട​ർ​ന്ന് അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട​പ്പോ​ൾ 98-ാം മി​നി​റ്റി​ൽ മി​സോ​റം താ​ര​മാ​യ ഇ​സാ​ക്ക് വാ​ൻ​ലാ​ൽ​റു​ത്ഫെ​ല​യു​ടെ ഗോ​ളി​ൽ ജ​യം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​ർ ജ​യി​ച്ച ഒ​ഡീ​ഷ സെ​മി​യി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നെ നേ​രി​ടും.

ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സം​ഘ​ത്തെ​യാ​ണ് ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ക​ണ്ട​ത്. നി​ശ്ചി​ത സ​മ​യ​ത്ത് 11 ഷോ​ട്ട് പാ​യി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മൂ​ന്ന് ഷോ​ട്ട് ഓ​ണ്‍ ടാ​ർ​ഗ​റ്റി​ലേ​ക്കാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ഡീ​ഷ എ​ഫ്സി വ​ല കു​ലു​ക്കി. എ​ന്നാ​ൽ, ഉ​ട​ൻ​ത​ന്നെ ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​ക്കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ റ​ഫ​റി ഓ​ഫ് സൈ​ഡ് വി​ളി​ച്ച് ഗോ​ൾ റ​ദ്ദാ​ക്കി.


ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു സാ​ധി​ച്ചി​ല്ല. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ക്ര​മ​ണം ന​യി​ച്ച മു​ഹ​മ്മ​ദ് ഐ​മ​നും ഫെ​ഡോ​ർ ചെ​ർ​ണി​ച്ചു​മാ​യി​രു​ന്നു അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്താ​നും മ​ത്സ​രി​ച്ച​ത്. ഒ​ടു​വി​ൽ 67-ാം മി​നി​റ്റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഡ് നേ​ടി. മു​ഹ​മ്മ​ദ് ഐ​മ​ന്‍റെ ക്രോ​സി​ൽ ഫെ​ഡോ​ർ ചെ​ർ​ണി​ച്ച് ഒ​ഡീ​ഷ വ​ല കു​ലു​ക്കി.

ലാ​റ ശ​ർ​മ പു​റ​ത്ത്

ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ലാ​റ ശ​ർ​മ മി​ക​ച്ച സേ​വു​ക​ളു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് വ​ല കാ​ത്തു. എ​ന്നാ​ൽ, കാ​ലി​നു പ​രി​ക്കേ​റ്റ് 78-ാം മി​നി​റ്റി​ൽ ലാ​റ ശ​ർ​മ പു​റ​ത്താ​യി. പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ക​ള​ത്തി​ൽ തു​ട​രാ​ൻ ലാ​റ ശ​ർ​മ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. അ​തോ​ടെ ക​ര​ണ്‍​ജീ​ത് സിം​ഗ് ഗോ​ൾ വ​ല​യ്ക്ക് മു​ന്നി​ൽ.

81-ാം മി​നി​റ്റി​ൽ ചെ​ർ​ണി​ച്ചി​നെ പി​ൻ​വ​ലി​ച്ച് അ​ഡ്രി​യാ​ൻ ലൂ​ണ​യെ ബ്ലാ​സ്റ്റേ​ഴ്സ് ക​ള​ത്തി​ലി​റ​ക്കി. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഡി​സം​ബ​ർ മു​ത​ൽ ക​ള​ത്തി​നു പു​റ​ത്താ​യി​രു​ന്ന ലൂ​ണ​യു​ടെ തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു അ​ത്. 87-ാം മി​നി​റ്റി​ൽ ഡീ​ഗൊ മൗ​റീ​ഷ്യോ​യി​ലൂ​ടെ ഒ​ഡീ​ഷ സ​മ​നി​ല​യി​ലെ​ത്തി. അ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക്.